Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിലപാട് ആവർത്തിച്ച്​...

നിലപാട് ആവർത്തിച്ച്​ സൗദി മന്ത്രിസഭ, ഗസ്സയിലെ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കണം​

text_fields
bookmark_border
saudi ministry
cancel

റിയാദ്​: ഗസ്സ മുനമ്പിലെ ഇസ്രായേലി ആക്രമണവും ഫലസ്​തീൻ ജനങ്ങളുടെ ദുരിതവും അവസാനിപ്പിക്കണമെന്ന്​ ചൊവ്വാഴ്​ച രാത്രിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്‍റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന പ്രതിവാര മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. വിശ്വസനീയവും ഗതിമാറ്റാനാവാത്തതുമായ രീതിയിൽ 1967ലെ അതിർത്തികൾക്കുള്ളിൽ​ കിഴക്കൻ ജറു​സലേം തസ്ഥാനമാക്കി സ്ഥാപിതമാകുന്ന രാജ്യത്ത്​ സുരക്ഷിതത്വത്തോടെയും സ്വയം നിർണയാധികാരത്തോടെയും ജീവിക്കാനുള്ള ഫലസ്​തീൻ ജനതയുടെ അവകാശങ്ങളിൽ ഊന്നി​ മന്ത്രിമാർ സൗദി നിലപാടിൽ ഉറച്ചുനിന്ന്​ സംസാരിച്ചു. ഇസ്രായേൽ അക്രമം അവസാനിപ്പിക്കുകയും ജനങ്ങളുടെ ദുരിതമകറ്റാൻ സുരക്ഷിതമായ മാനുഷിക ഇടനാഴി തുറക്കുകയും വേണമെന്ന രാഷ്​ട്രത്തിന്‍റെ നിലപാട്​ ആവർത്തിച്ച്​ യോഗം ഈ വിഷയത്തി​ന്മേൽ വിശദമായ ചർച്ച നടത്തി.

ആഭ്യന്തര സംഘർഷം ഇല്ലാതാക്കാനും രാഷ്​ട്രീയ സംവാദങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ട​ ജിദ്ദ ചർച്ചകളുടെ ഫലങ്ങൾ പാലിക്കാൻ സുഡാനിലെ എല്ലാ കക്ഷികളെയും മന്ത്രിസഭായോഗം ഓർമപ്പെടുത്തി. ആഫ്രിക്കൻ രാജ്യത്ത്​ സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയുമുണ്ടാകാൻ അതല്ലാതെ വഴിയില്ല.

റിയാദിൽ നടന്ന മണൽ, പൊടിക്കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആദ്യ അന്താരാഷ്​ട്ര സമ്മേളനത്തി​െൻറ അനന്തരഫലങ്ങൾ ആഗോളതലത്തിൽ ഈ രംഗത്തെ അന്താരാഷ്​ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് സംഭാവന നൽകുമെന്ന് മന്ത്രിസഭായോഗം അഭിലാഷം പ്രകടിപ്പിച്ചു. സൗദി, മിഡിൽ ഈസ്​റ്റ്​ ഗ്രീൻ ഇനീഷ്യേറ്റീവുകൾ ഉൾപ്പെടെയുള്ള പ്രാദേശികവും മേഖലാതലത്തിലുമുള്ള സംരംഭങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തി​െൻറ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും രാജ്യത്തി​െൻറ മുൻനിര പങ്ക് ഉയർത്തിക്കാട്ടുന്നതാണ്​ ആദ്യ അന്താരാഷ്​ട്ര സമ്മേളനമെന്നും യോഗം വിലയിരുത്തി.

കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത സാ​ങ്കേതിക വിദ്യാമേളയായ ലിപ്​ 2024ൽ ഒപ്പുവച്ച 13.4 ശതകോടി ഡോളറി​െൻറ നിക്ഷേപങ്ങളും കരാറുകളും ഈ സുപ്രധാന മേഖലക്ക്​ പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ ഈ മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിനുള്ള സർക്കാർ പിന്തുണയുടെ വെളിച്ചത്തിൽ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയുടെ തുടർച്ചയായ വളർച്ചയെയും സന്നദ്ധപ്രവർത്തകരുടെ എണ്ണത്തെയും യോഗം അഭിനന്ദിച്ചു.

തിങ്കളാഴ്ച ആരംഭിച്ച വിശുദ്ധ റമദാൻ മാസത്തി​െൻറ ആരംഭദിനത്തിൽ സൗദി അറേബ്യയിലെ പൊതുജനങ്ങളോടും ലോകമെമ്പാടുമുള്ള മുസ്​ലീങ്ങളോടും സൽമാൻ രാജാവ്​ നടത്തിയ പ്രസംഗത്തെ യോഗം പ്രശംസിച്ചു. രണ്ട് വിശുദ്ധ മസ്ജിദുകൾക്കും അവിടെയെത്തുന്ന വിശ്വസികൾക്കും സേവനം ചെയ്യാനുള്ള ബഹുമതി നൽകിയ ദൈവത്തോട്​ കിരീടാവകാശി നന്ദി പറഞ്ഞു. ഇസ്​ലാമിക രാഷ്​ട്രത്തിനും ലോകത്തിനും സുരക്ഷിതത്വവും സ്ഥിരതയും നൽകണമെന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi ministrySaudi Arabia NewsIsreal Palestine Conflict
News Summary - saudi ministry-The Israeli attack on Gaza must end
Next Story