Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇഫ്താർ പദ്ധതികൾക്ക്...

ഇഫ്താർ പദ്ധതികൾക്ക് സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

text_fields
bookmark_border
ഇഫ്താർ പദ്ധതികൾക്ക് സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം
cancel

ജിദ്ദ: റമദാനിൽ നോമ്പുകാർക്കോ മറ്റോ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള (ബാങ്ക് വിളിക്കുന്നവർ) മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. റമദാനെ സ്വീകരിക്കുന്നതിനും വിശ്വാസികൾക്ക് സേവനം നൽകുന്നതിനുമായി പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽഷൈഖ് എല്ലാ മന്ത്രാലയ ശാഖകൾക്കും സർക്കുലർ അയച്ചു.

ഇമാമുകളും മുഅദ്ദിനുകളും അവരുടെ ജോലിയിൽ പൂർണ്ണമായ ക്രമം പാലിക്കണമെന്നും അത്യാവശ്യഘട്ടത്തിലുള്ള ലീവ് എടുക്കൽ അല്ലാതെ മറ്റു മുഴുവൻ സമയവും പള്ളിയിൽ ഉണ്ടാവണമെന്നും ഡോ. അൽഷൈഖ് നിർദേശിച്ചു. ഇമാമുകളുടെയോ മുഅദ്ദിനുകളുടെയോ അസാന്നിധ്യത്തിൽ ആ പ്രദേശത്തെ മന്ത്രാലയ ശാഖയുടെ അംഗീകാരത്തോടെ മറ്റാരെയെങ്കിലും ജോലി നിർവഹിക്കാൻ നിയോഗിക്കണം. എന്നാൽ പള്ളിയിൽ നിശ്ചയിക്കപ്പെട്ട ജോലിക്കാരുടെ അസാന്നിധ്യം അനുവദനീയമായ കാലയളവിൽ കൂടുതൽ കവിയരുത്. ഉമ്മുൽ ഖുറ കലണ്ടർ പാലിക്കാനും റമദാനിൽ കൃത്യസമയത്ത് ഇഷാ പ്രാർത്ഥനയുടെ ബാങ്ക് വിളിക്കാനും ഇമാമുകളോടും മുഅദ്ദിനുകളോടും ഡോ. അൽഷൈഖ് ആവശ്യപ്പെട്ടു.

തറാവിഹ് നമസ്കാരങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ അവസ്ഥ കണക്കിലെടുക്കണം. റമദാനിലെ അവസാന 10 ദിവസങ്ങളിൽ തഹജ്ജുദിന്റെ പ്രാർത്ഥനകൾ ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധം സുബ്ഹ് ബാങ്കിന് മുമ്പായി മതിയായ സമയത്തോടെ പൂർത്തിയാക്കണം. തറാവീഹ് പ്രാർത്ഥനയും ഖുനൂത്ത് പ്രാർഥനയും ധാരാളം ദീർഘിപ്പിക്കരുത്. അംഗീകാരമുള്ള പ്രാർത്ഥനകളിൽ പരിമിതപ്പെടുത്താനും പ്രാർത്ഥനയിൽ സ്തുതിഗീതങ്ങൾ പരമാവധി ഒഴിവാക്കാനും ഡോ. അൽഷൈഖ് ആവശ്യപ്പെട്ടു.

മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നമസ്കാര സമയത്ത് ഇമാമിന്റെയും ആരാധകരുടെയും ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കരുത്. പ്രാർത്ഥനനടത്തുന്നത് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. ഇഅ്തികാഫിന് (പള്ളിയിൽ താമസിക്കൽ) അംഗീകാരം നൽകാനും അവയിൽ നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് പരിശോധിക്കാനും ഇഅ്തികാഫിന് അപേക്ഷിക്കുന്നവരുടെ ഡാറ്റ അറിയാനും പള്ളിയിലെ ഇമാമിന് ഉത്തരവാദിത്തമുണ്ടെന്ന് ഡോ. അൽ-ഷൈഖ് പറഞ്ഞു. ഇഅ്തികാഫ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മുൻകൂട്ടി അറിയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ അവരുടെ സ്പോൺസറുടെ അംഗീകാര പത്രം സമർപ്പിക്കാൻ ഇമാം ആവശ്യപ്പെടണം.

പള്ളിയിൽ നോമ്പുകാർക്കുള്ള ഇഫ്താർ ഒരുക്കുന്നുണ്ടെങ്കിൽ അതിനായി പള്ളിയുടെ അങ്കണങ്ങളിൽ ഒരുക്കുന്ന സ്ഥലങ്ങളും ഇമാമിന്റെയും മുഅദ്ദിനിന്റെയും ഉത്തരവാദിത്തത്തിലായിരിക്കണം. ഇഫ്താറിന്റെ ഉത്തരവാദിത്തമുള്ളവർ ഇഫ്താർ കഴിഞ്ഞാൽ ഉടൻ തന്നെ സ്ഥലം വൃത്തിയാക്കണം. ഇഫ്താർ വിരുന്ന് നടത്തുന്നതിന് മറ്റു താൽക്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുത്. ആരാധകരെ അസ്വസ്ഥരാക്കുകയും അവരുടെ ഭക്തി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലുള്ള പ്രവർത്തി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പള്ളിയിലേക്ക് വളരെ ചെറിയ കുട്ടികളെ കൊണ്ടുവരരുതെന്ന് വിശ്വാസികളോട് ഡോ. അൽഷൈഖ് അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:donationsRamadan IftarRamadanSaudi Arabia
News Summary - Saudi Ministry of Islamic Affairs warns imams of collecting donations for Ramadan Iftar
Next Story