ഹജ്ജ് ഒരുക്കവുമായി സൗദി മന്ത്രാലയം; ഉംറ വിസ വിതരണം 20ന് അവസാനിക്കും
text_fieldsറിയാദ്: ഈ വർഷത്തെ ഉംറ തീർഥാടനത്തിനുള്ള വിസ വിതരണം മാർച്ച് 20ന് (ശവ്വാൽ ഒന്ന്) അവസാനിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സൗകര്യങ്ങൾ ഒരുക്കാനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഉംറ സീസണിന്റെ സമാപനത്തോടനുബന്ധിച്ച് സൗദി ഉംറ കമ്പനികളുടെ പതിനേഴാമത് ആനുകാലിക യോഗത്തിലാണ് മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
പുതിയ ക്രമീകരണമനുസരിച്ച്, ഉംറ വിസയുള്ളവർക്ക് ശവ്വാൽ 15 (ഏപ്രിൽ മൂന്ന്) വരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകൂ. ഇവർക്ക് ഏപ്രിൽ 18 വരെ മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവാദമുള്ളൂ. ഉംറ വിസയിൽ എത്തുന്നവർക്ക് യാതൊരു കാരണവശാലും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ അനുവാദമില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. ഹജ്ജ് നിർവഹിക്കുന്നതിന് ഔദ്യോഗികമായ ഹജ്ജ് വിസ തന്നെ വേണം.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റമദാൻ സീസണിൽ തീർഥാടകർക്ക് മികച്ച സേവനം നൽകിയ ഉംറ കമ്പനികളെ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അഭിനന്ദിച്ചു. വരും ദിവസങ്ങളിലും ‘നുസ്ക് മസാർ’ പ്ലാറ്റ്ഫോം വഴി തീർഥാടകരുടെ യാത്രാവിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം കമ്പനികളോട് നിർദ്ദേശിച്ചു. ഹജ്ജ് സീസണിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കാൻ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഉംറ കമ്പനികളും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

