ഉംറ സേവനങ്ങളുടെ ഗുണനിലവാര പരിശോധന കർശനമാക്കി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം
text_fieldsഉംറ സേവനങ്ങളുടെ ഗുണനിലവാര പരിശോധന സൗദി ഹജ്ജ്-ഉംറ മന്ത്രാലയം കർശനമാക്കിയപ്പോൾ
റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ചതു മുതൽ തീർത്ഥാടകർക്ക് ലഭ്യമാകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പ്രവർത്തന നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനുമായി 32,000-ത്തിലധികം ഫീൽഡ് പരിശോധനകൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ദിവസേനയുള്ള പരിശോധനകൾ പുരോഗമിക്കുന്നത്. ഉംറ തീർത്ഥാടകരുടെ താമസസൗകര്യങ്ങൾ, സേവനദാതാക്കളായ കമ്പനികൾ, വിവിധ പ്രവർത്തന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. സേവനങ്ങളിലെ കുറവുകൾ അപ്പപ്പോൾ കണ്ടെത്തി പരിഹരിക്കാനും, തീർത്ഥാടകരുടെയും സന്ദർശകരുടെയും യാത്രാനുഭവം കൂടുതൽ സുഗമവും മികച്ചതുമാക്കാനും ഈ നിരീക്ഷണത്തിലൂടെ സാധിക്കുന്നു.
കഴിഞ്ഞ ഹജ്ജ് സീസണിലും സമാനമായ രീതിയിൽ വിപുലമായ പരിശോധനകൾ നടന്നിരുന്നു. ഹജ്ജ് തീർത്ഥാടകർക്ക് സേവനം നൽകുന്ന താമസസ്ഥലങ്ങൾ, ഫീൽഡ് സെന്ററുകൾ, മറ്റ് പ്രവർത്തന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 1,05,000-ത്തിലധികം പരിശോധനകളാണ് അന്ന് പൂർത്തിയാക്കിയത്. നിയമാനുസൃതമായ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ഇത്.
സേവനദാതാക്കളുടെ പ്രവർത്തനം നിരന്തരം വിലയിരുത്തുന്നതിനും സേവന നിലവാരം ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനുമുള്ള സമഗ്ര നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് ഈ നടപടികൾ. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ മികവ് വർദ്ധിപ്പിക്കുന്നതിനും സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുമെന്നും ഫീൽഡ് തലത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

