വേനൽച്ചൂടിനെ പ്രതിരോധിക്കാൻ വൃക്ഷത്തൈകൾ നടണം: സൗദി പരിസ്ഥിതി മന്ത്രാലയം
text_fieldsജിദ്ദ: നഗരപ്രദേശങ്ങളിലെ താപനില കുറയ്ക്കുന്നതിനും വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വൃക്ഷത്തൈ നടീൽ പ്രോത്സാഹിപ്പിക്കണമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. വേനൽക്കാലത്തെ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ പ്രകൃതിദത്തമായ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് മരങ്ങൾ വളർത്തുന്നത്. തണൽ നൽകുന്നതോടൊപ്പം കെട്ടിടങ്ങളുടെയും റോഡുകളുടെയും താപ ആഗിരണം കുറയ്ക്കാനും മരങ്ങൾ സഹായിക്കുന്നു. കൂടാതെ, സ്വേദന പ്രക്രിയ വഴി അന്തരീക്ഷത്തിലേക്ക് ജലബാഷ്പം പുറത്തുവിട്ട് ചുറ്റുമുള്ള വായുവിനെ തണുപ്പിക്കാനും ഇവയ്ക്ക് കഴിയും.
പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിൽ വനവൽകരണത്തിന് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഒരു മരം പ്രതിവർഷം ശരാശരി 150 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നുണ്ട്. രാജ്യത്ത് ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നത് ജനങ്ങളുടെ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പുറമെ വായു-ശബ്ദ മലിനീകരണം തടയുന്നതിനും മഴവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വന്യജീവി സംരക്ഷണത്തിനും പ്രകൃതിദത്ത പരാഗണത്തിനും വലിയ തോതിൽ ഗുണം ചെയ്യും.
സൗദി അറേബ്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തദ്ദേശീയ വൃക്ഷയിനങ്ങൾ നടാനാണ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്. കുറഞ്ഞ വെള്ളം മാത്രം ആവശ്യമുള്ള ഇത്തരം ഇനങ്ങൾ വനവൽക്കരണ പദ്ധതികളുടെ ദീർഘകാല വിജയവും സുസ്ഥിരതയും ഉറപ്പാക്കും. വേനൽക്കാലത്ത് ശരിയായ ജലസേചന രീതികൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഓർമിപ്പിച്ചു. രാവിലെയോ വൈകുന്നേരങ്ങളിലോ ചെടികൾ നനയ്ക്കുന്നതും ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങൾ നടപ്പിലാക്കുന്നതും വഴി പരമ്പരാഗത രീതികളെ അപേക്ഷിച്ച് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം 50 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. വൃക്ഷത്തൈകൾ നടുന്നത് പരിസ്ഥിതിക്കും ഭാവി തലമുറക്കുമായി നടത്തുന്ന ദീർഘകാല നിക്ഷേപമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

