റമദാൻ വിപണിയിൽ പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം
text_fieldsറിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കി സൗദി വാണിജ്യ മന്ത്രാലയം. റമദാൻ വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തുടനീളം 10,000ത്തിലധികം പരിശോധനകൾ പൂർത്തിയാക്കിയതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
പുണ്യമാസത്തിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ അവശ്യവസ്തുക്കൾ, ഭക്ഷ്യസാധനങ്ങൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്തുകയാണ് ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഉൽപന്നങ്ങൾക്ക് ക്ഷാമം നേരിടുന്നില്ലെന്നും കൃത്യമായ ബദൽ സംവിധാനങ്ങൾ വിപണിയിൽ ഉണ്ടെന്നും മന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ട്. റമദാൻ ഉൽnന്നങ്ങളുടെ ലഭ്യത നിരീക്ഷിക്കുന്നതിനും അനാവശ്യമായ വിലക്കയറ്റം തടയുന്നതിനുമായി പ്രത്യേക ഫീൽഡ് ടീമുകളെയാണ് മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്. വില കൃത്രിമമായി വർധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും കർശനമായി നേരിടുമെന്നും, ഉപഭോഗ ആവശ്യങ്ങൾക്കനുസൃതമായ വിതരണം ഉറപ്പാക്കാൻ സംയോജിത നിരീക്ഷണ പദ്ധതികൾ മാസം മുഴുവൻ തുടരുമെന്നും അധികൃതർ വിശദീകരിച്ചു.
വാണിജ്യ സ്ഥാപനങ്ങളും ഷോപ്പിങ് സെന്ററുകളും അംഗീകൃത വിൽപന ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് മന്ത്രാലയം നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. റമദാൻ പ്രമാണിച്ച് പ്രഖ്യാപിക്കുന്ന ഓഫറുകളുടെ സുതാര്യത, ഉൽപന്നങ്ങളിൽ വില കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന കാര്യം എന്നിവയിൽ കർശന നിരീക്ഷണം തുടരും. ഉപഭോക്തൃ സംരക്ഷണം മുൻനിർത്തി നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

