സൗദിയിലേക്ക് പുതിയ വിസയിലെത്തുന്നവർക്ക് കുടുംബത്തേയും കൂടെ കൊണ്ടുവരാം - ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: പുതിയ തൊഴിൽ വിസയിൽ സൗദിയിലെത്തുന്ന വിദഗ്ധരായ തൊഴിലാളികൾക്ക് തൊഴിൽ വിസ നടപടികൾക്കൊപ്പം തങ്ങളുടെ കുടുംബത്തേയും സൗദിയിലേക്ക് കൊണ്ടുവരാനാകും. വിദേശകാര്യ, മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ നിർണായകമായ തീരുമാനം നടപ്പിലാക്കുന്നത്.
രാജ്യത്ത് കഴിയുന്ന ഓരോ വ്യക്തിയുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സൗദി അറേബ്യ യുടെ താൽപ്പര്യത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ വിദഗ്ധരായ തൊഴിലാളികൾക്ക് സൗദിയിലെത്തിയ ശേഷമാണ് കുടുംബാംഗങ്ങൾക്ക് വിസകൾ അനുവദിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനം വന്നതോടെ തൊഴിലാളിക്ക് തന്റെ തൊഴിൽ വിസ നടപടികളോടൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള വിസയും നേടാനാകും.
ഭർത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരാണ് തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കുടുംബാംഗങ്ങളെന്ന് മന്ത്രാലയം വിശദീകരിച്ചു. വിദഗ്ധരായ തൊഴിലാളികൾ തൊഴിൽ വിസ നടപടികളും ആവശ്യമായ വ്യവസ്ഥകളും പൂർത്തിയാക്കുന്നതിനൊപ്പം തന്നെ കുടുംബാംഗങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിസ ലഭിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
കുടുംബത്തെ കൊണ്ടുവരാൻ കുടുംബനാഥന് നിശ്ചിത യോഗ്യതകൾ ഉണ്ടാവണമെന്നും മന്ത്രാലയം വ്യവസ്ഥ വെച്ചിട്ടുണ്ട്. ശമ്പളം,വിദ്യാഭ്യാസയോഗ്യത, തൊഴിൽ കാറ്റഗറി എന്നിവ സംബന്ധിച്ച നിബന്ധനകൾ കൂടി ഈ നടപടികൾക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതുസംബന്ധമായ വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം പുറത്തുവിടും. രാജ്യത്ത് പ്രവേശിച്ച ശേഷം നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി താമസരേഖ (ഇഖാമ) നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

