സൗദിയിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലെ ക്രമക്കേടുകൾ പരിഹരിക്കണം: ഭൂവുടമകൾക്ക് അനുവദിച്ച സമയപരിധി നീട്ടി മുൻസിപ്പാലിറ്റി മന്ത്രാലയം
text_fieldsറിയാദ്: രാജ്യത്തെ നഗരങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നതിനും നഗര പരിസ്ഥിതിയുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മുൻസിപ്പാലിറ്റി-ഹൗസിങ് മന്ത്രാലയം നടപടികൾ ശക്തമാക്കുന്നു.
നഗരങ്ങളിലും മറ്റ് ഭാഗങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന ഭൂമികളിൽ നഗരസഭാ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, കാഴ്ചയ്ക്ക് ഭംഗികേടുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും മന്ത്രാലയം ഭൂവുടമകളോട് ആവശ്യപ്പെട്ടു. ഇതിനായി അനുവദിച്ചിട്ടുള്ള തിരുത്തൽ കാലാവധി ഈ വർഷം സെപ്തംബർ നാല് (റബീഉൽ ആഖിർ 15) വരെ നീട്ടിയിട്ടുണ്ട്.
നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഈ സമയപരിധിക്കുള്ളിൽ ഭൂവുടമകൾ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. മുനിസിപ്പാലിറ്റികൾ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകളും നിയന്ത്രണങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിലവിലെ ഘട്ടത്തിൽ മന്ത്രാലയം പ്രാധാന്യം നൽകുന്നത്.
നഗരങ്ങളുടെ പൊതുവായ ഭംഗിയെ ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുക എന്നതാണ് ഇതിെൻറ പ്രധാന ലക്ഷ്യം. കെട്ടിട നിർമാണ അവശിഷ്ടങ്ങളും മണ്ണും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ അനധികൃതമായി തള്ളുക, ഇത്തരം ഭൂമികൾ നിയമവിരുദ്ധമായ രീതികളിൽ ഉപയോഗിക്കുക തുടങ്ങിയ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകും.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമികളിൽ പ്രാദേശിക നഗരസഭകളും മുനിസിപ്പാലിറ്റികളും കർശനമായ ഫീൽഡ് പരിശോധനകളും നിരീക്ഷണങ്ങളും തുടർന്നു വരികയാണ്. നിയമലംഘനങ്ങൾ കുറയ്ക്കാനും നഗരങ്ങളുടെ അന്തരീക്ഷം മെച്ചപ്പെടുത്താനും ഈ നിരന്തര നിരീക്ഷണം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഒഴിഞ്ഞുകിടക്കുന്ന ഭൂമികൾ ചട്ടങ്ങൾക്കനുസൃതമായി പരിപാലിക്കുന്നത് നഗരങ്ങളിലെ കാഴ്ചാ വൈരൂപ്യങ്ങൾ ഇല്ലാതാക്കാനും നഗരസൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതോടൊപ്പം താമസക്കാർക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒരുപോലെ ആകർഷകമായ അന്തരീക്ഷം നഗരങ്ങളിൽ സൃഷ്ടിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അനുവദിക്കപ്പെട്ട സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഭൂവുടമകൾ സ്വന്തം ചെലവിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും നഗരസഭാ ചട്ടങ്ങൾ പാലിക്കണമെന്നും മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധി കഴിഞ്ഞാൽ നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.
രാജ്യത്തെ നഗരവികസനവും സുസ്ഥിരമായ ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതുസൗകര്യങ്ങൾ, റോഡുകൾ, നഗര ഇടങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി അമാനത്തുകളും മുൻസിപ്പാലിറ്റികളും വിവിധ പദ്ധതികളും പരിപാടികളും നിലവിൽ രാജ്യത്തുടനീളം നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

