തീപിടിച്ച ബസിൽനിന്ന് ആറ് അധ്യാപികമാരെ രക്ഷിച്ച് ഹീറോയായി സൗദി യുവാവ്
text_fieldsഅബ്ദുൽ സലാം ഷറാറി
റിയാദ്: രാവിലെ ജോലിക്ക് പോകാനിറങ്ങിയതാണ് അബ്ദുൽ സലാം ഷറാറി എന്ന സൗദി യുവാവ്. കോളജ് പ്രഫസറാണ്. തന്റെ കാറോടിച്ച് ഹൈവേയിലൂടെ പോകുമ്പോൾ പെട്ടെന്നാണ് കുറച്ചകലെ തീയാളിപ്പടരുന്ന ഒരു കാഴ്ച കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ബസിൽനിന്നാണെന്ന് മനസ്സിലായി, ഒരു മിനി ബസ്. കാറിന്റെ വേഗം കൂട്ടി അബ്ദുൽ സലാം അവിടേക്ക് പാഞ്ഞുചെന്നു. ബസിനുള്ളിൽനിന്ന് സ്ത്രീകളുടെ കൂട്ടനിലവിളി ഉയരുന്നു. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ മരണഭയത്താല്‍ നിലവിളിക്കുകയാണ് അവരെല്ലാം.
അപകടത്തിൽപെട്ട ബസ്
സമയം ഒട്ടും പാഴാക്കാതെ ബസിന്റെ ജനാലകള്‍ തകര്‍ത്ത് അബ്ദുൽ സലാം ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി. മൊത്തം ആറ് പേരാണ് ബസിലുണ്ടായിരുന്നത്. പലർക്കും സാരമായ പൊള്ളലേറ്റിരുന്നു. ഉടൻ പൊലീസെത്തി പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്ദുൽ സലാമിന്റെ കൈകാലുകൾക്കും പൊള്ളലേറ്റു.
സൗദി വടക്കൻ അതിർത്തി മേഖലയിലെ അൽ ജൗഫ് പ്രവിശ്യയിൽ അബു അജ്റാം സെൻററിനും അൽ നബ്ക് അബു ഖസർ സെൻററിനും മധ്യേ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മിനി ബസിലുണ്ടായിരുന്ന ആറ് സ്ത്രീകളും അധ്യാപകരായിരുന്നു. സകാക്കയിലെ സ്വന്തം വീടുകളിൽനിന്നും തബർജൽ എന്ന പട്ടണത്തിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ആറുപേരും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ചിലരെല്ലാം സുഖംപ്രാപിച്ചു. പരിക്കുകൾ ഭേദമായതിനെ തുടർന്ന് അബ്ദുൽ സലാമിനെയും ആശുപത്രിയിൽനിന്ന് വിട്ടയച്ചു.
അബ്ദുൽ സലാമിന്റെ ധീരത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗമായിരിക്കുകയാണ്. ‘ധീരതയുടെ പര്യായം’ എന്നാണ് ഭരണാധികാരികളും പൊതുജനങ്ങളും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. അബ്ദുൽ സലാമിന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ വലിയൊരു ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

