അമുസ്‍ലിം മാധ്യമപ്രവർത്തകന് മക്കയിൽ പ്രവേശിക്കാൻ സഹായം നൽകി; സൗദി പൗരൻ അറസ്റ്റിൽ
text_fieldsജിദ്ദ: അമേരിക്കൻ പൗരനായ അമുസ്‍ലിം പത്രപ്രവർത്തകന് മക്കയിൽ പ്രവേശിക്കാൻ സൗകര്യം നൽകിയ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മുസ്‌ലിംകൾക്കുള്ള ട്രാക്കിലൂടെ മാധ്യമപ്രവർത്തകനെ സൗദി പൗരൻ മക്കയിലേക്ക് കടത്തുകയായിരുന്നു.
മുസ്‌ലിംകളല്ലാത്തവർക്ക് മക്കയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. അതിന്റെ ലംഘനമാണ് സൗദി പൗരൻ ചെയ്തത്. മുസ്‍ലിം ട്രാക്കിലൂടെ അമുസ്‍ലിം മാധ്യമ പ്രവർത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാർഹമായ കുറ്റമാണെന്നും റീജനൽ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു.
സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങൾ, പ്രത്യേകിച്ചും ഇരു ഹറമുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങൾ മാനിക്കുകയും പാലിക്കുകയും വേണം. ഇക്കാര്യത്തിലുള്ള ഏതു നിയമലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ബന്ധപ്പെട്ട നിയമങ്ങൾക്കനുസൃതമായി കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും.
രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് മക്കയിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കൻ മാധ്യമപ്രവർത്തകനെതിരായ കേസ് നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

