എം.ടിയെ സൗദി മലയാളി സമാജം അനുസ്മരിച്ചു
text_fieldsസൗദി മലയാളി സമാജം നടത്തിയ എം.ടി അനുശോചന യോഗത്തിൽ മാലിക് മക്ബൂൽ
സംസാരിക്കുന്നു
ദമ്മാം: മലയാള സാഹിത്യലോകത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച എം.ടി എന്ന ഇതിഹാസ സാഹിത്യകാരന്റെ വേർപാടിൽ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുശോചിച്ചു. സമാജം പ്രസിഡൻറ് മാലിക് മഖ്ബൂൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സിന്ധു ബിനു അധ്യക്ഷത വഹിച്ചു.
ഷനീബ് അബൂബക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വായനാലോകത്തിന്, ഇന്നലെയും ഇന്നും നാളെയും നിലനിൽക്കുന്ന അമൂല്യനിധികൾ സമ്മാനിച്ചാണ് കാലയവനികക്കുള്ളിൽ മറഞ്ഞതെന്ന് യോഗം അനുസ്മരിച്ചു. മലയാള ചലച്ചിത്രലോകത്തിനും അവിസ്മരണീയമായ ഒട്ടനേകം ചിത്രങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭയുടെ വിവിധ രചനകളെയും അനിതര സാധാരണമായ അദ്ദേഹത്തിെൻറ എഴുത്തുശൈലിയെയും കാഴ്ചപ്പാടുകളിലെ വ്യത്യസ്തതകൾ കൊണ്ട് ചരിത്രമായി മാറിയ അതുല്യ കൃതികളെക്കുറിച്ചുമെല്ലാം യോഗത്തിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. നക്ഷത്ര സമാനമായ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് ചേർത്തുവെച്ച എം.ടിയുടെ വിയോഗം മലയാളസാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.
കെ.എം. ബഷീർ (തനിമ), ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), ബിജു കല്ലുമല (ഒ.ഐ.സി.സി), രഞ്ജിത്ത് വടകര (നവോദയ), ഫൗസിയ അനീസ് (പ്രവാസി സാംസ്കാരിക വേദി), മഞ്ജുഷ ലജിത്ത്, ഷമീർ പത്തനാപുരം, ഹമീദ് കാണിച്ചാട്ടിൽ, മാത്തുകുട്ടി പള്ളിപ്പാട്, മോഹൻ വസുധ എന്നിവർ എം.ടിയെ അനുസ്മരിച്ചു സംസാരിച്ചു. റഊഫ് ചാവക്കാട് സ്വാഗതവും അസ്ഹർ നന്ദിയും പറഞ്ഞു. നജ്മുസ്സമാൻ, ബൈജു രാജ്, ഷാജു അഞ്ചേരി, ബൈജു കുട്ടനാട്, ബിനു പുരുഷോത്തമൻ, ഹുസൈൻ ചമ്പോലിൽ, ബിനു കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

