‘ഇമ്മിണി ബല്ല്യ ബഷീർ’ അനുസ്മരിച്ച് സൗദി മലയാളി സമാജം
text_fieldsസൗദി മലയാളി സമാജം സംഘടിപ്പിച്ച ‘ഇമ്മിണി വല്ല്യ ബഷീർ’ ബഷീർ അനുസ്മരണ യോഗത്തിൽ മാലിക് മഖ്ബുൽ സംസാരിക്കുന്നു
ദമ്മാം: കഥയെഴുതി കഥയായി മാറിയ ഇതിഹാസ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തോടനുബന്ധിച്ച് സൗദി മലയാളം സമാജം ‘ഇമ്മിണി ബല്ല്യ ബഷീർ’ എന്ന പേരിൽ അനുസ്മരണസംഗമം സംഘടിപ്പിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക സാഹിത്യമണ്ഡലങ്ങളിലെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ബഷീറിന്റെ ജീവിതവും രചനകളും പ്രയോഗങ്ങളും ഇഷ്ടങ്ങളും ചർച്ച ചെയ്തു.
വൈസ് പ്രസിഡന്റ് ലീനാ ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. നാഷനൽ പ്രസിഡന്റ് മാലിക് മഖ്ബൂൽ ബഷീർ ജീവിതത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ആരും നടക്കാത്തൊരു വഴിയിലൂടെ നടന്ന്, എഴുത്തിന്റെ വിസ്മയം സമ്മാനിച്ച സുൽത്താനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് അദ്ദേഹം അനുസ്മരിച്ചു. ലളിതമായതും നർമരസം തുളുമ്പുന്നതുമായ ശൈലിയിൽ, സാമാന്യം മലയാള ഭാഷയറിയാവുന്ന ആര്‍ക്കും ആസ്വദിക്കാനും ചിരിക്കാനും ചിന്തിക്കാനും സാധിക്കുന്ന രീതിയിൽ സവിശേഷമായ രചനരീതിയായിരുന്നു ബഷീറിനുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷപരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച് വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് കൊണ്ടുപോകുന്ന ബഷീര്‍ രചനകൾ കാലാതീതമായി നിലനിൽക്കുകയും വായിക്കപ്പെടുകയും ചെയ്യുമെന്ന് അനുസ്മരണം നടത്തിയവർ അഭിപ്രായപ്പെട്ടു. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ബഷീർ കൃതികളെ അധികരിച്ച് സംസാരിച്ചു.
ആലിക്കുട്ടി ഒളവട്ടൂർ, ഷാജി മതിലകം, സയ്യിദ് ഹമദാനി, അനിൽ റഹീമ, ജോയ് തോമസ്, നജ്മുസമാൻ, നസീർ പുന്നപ്ര, മുഷാൽ തഞ്ചേരി, സജിത് തുടങ്ങിയവർ ബഷീറിനെ അനുസ്മരിച്ചു. ബൈജു രാജ്, നിഖിൽ മുരളീധരൻ, ജയൻ ജോസഫ് എന്നിവർ കവിതകളും ബഷീർ ചിത്രങ്ങളിലെ ഗാനങ്ങളും ആലപിച്ചു. സമാജം കുടുംബാംഗം കൂടിയായ ചിത്രകാരി ചൈതന്യ ഷിനോജ് വരച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ കാരിക്കേച്ചറുകൾ എഴുത്തുകാരി സോഫിയ ഷാജഹാനും ബിസിനസ് സംരംഭക ഷാക്കിറ ഹുസൈനും വേദിയിൽ അനാവരണം ചെയ്തു. ഷനീബ് അബൂബക്കർ, ബിനു റെജി, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ നായർ, ഫെബിന നജുമുസമാൻ, ഷാജു അഞ്ചേരി, വിനോദ് കുഞ്ഞ്, ഉണ്ണികൃഷ്ണൻ, ബിനു കുഞ്ഞ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹുസൈൻ ചമ്പോളിൽ സ്വാഗതവും ബൈജു കുട്ടനാട് നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു അവതാരക ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

