Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ഉജ്ജ്വല തുടക്കം

text_fields
bookmark_border
സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ഉജ്ജ്വല തുടക്കം
cancel
camera_alt


സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ ലോഗോ എം.എൻ കാരശ്ശേരിയും, പി.കെ പാറക്കടവും ചേർന്ന് നിർവ്വഹിക്കുന്നു.


ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി. ദമ്മാമിൽ നടന്ന പ്രൗഡമായ സംസ്കാരിക സദസ്സിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരനും, സാമൂഹിക നിരീക്ഷകനും, ഭാഷാപണ്ഡിതനുമായ എം.എൻ കാരശ്ശേരി ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ ചെറുകഥാകൃത്തും, മാധ്യമപ്രവർത്തകനുമായ പി.കെ പാറക്കടവ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ ആമുഖ പ്രഭാഷണം നടത്തി. മലയാളസാഹിത്യലോകത്തെ ഒട്ടനവധി പ്രതിഭകളെ സംഘടിപ്പിച്ചു നടത്തിയ ലിറ്റററി ഫെസ്റ്റ് സീസൺ ഒന്ന് സൗദി അറേബ്യയുടെ സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയതിന്റെ തുടർച്ചയായാണ് രണ്ടാം സീസണിന് തുടക്കമാവുന്നത്.

പ്രവാസലോകത്ത് സാഹിത്യസാംസ്കാരികരംഗത്ത് മലയാളി സമാജം നടത്തുന്ന നിസ്തുലമായ പ്രവർത്തനങ്ങളെ എം.എൻ കാരശ്ശേരി അഭിനന്ദിച്ചു. മലയാളഭാഷയുടെയും, എഴുത്തിന്റെയും വായനയുടെയും പ്രചുരപ്രചാരത്തിനും, സാഹിത്യ സാംസ്‌കാരികരംഗത്തെ പുതുചലനങ്ങളെ ഈ പ്രവാസമണ്ണിൽ അതേപടി അടയാളപ്പെടുത്താനും സമാജം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഭാഷയും, സാഹിത്യവും, സമകാലീന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമെല്ലാം ചേർത്തിണക്കിയുള്ള കാരശ്ശേരി മാഷിന്റെ വാക്കുകളെ സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്.

മിന്നൽക്കഥകളിലൂടെ ശ്രദ്ധേയനായ ചെറുകഥകളുടെ തമ്പുരാൻ പി.കെ പാറക്കടവ്, തന്റെ ചെറുകഥകൾ കൂടി ‌ ചേർത്തിണക്കി നടത്തിയ വ്യത്യസ്തമായ സാംസ്‌കാരികപ്രഭാഷണവും കേൾവിക്കാർക്ക്

നവ്യാനുഭവമായി. ഒരു മാസം നീണ്ടു നിൽക്കുന്ന ലിറ്ററിറി ഫെസ്റ്റിന്റെ വിവിധ പരിപാടികളിൽ നാട്ടിൽ നിന്നും കലാ സാഹിത്യസാംസ്‌കാരിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുക്കും.

ടി.ഡി രാമകൃഷ്ണൻ, ഡോ: ഖദീജ മുംതാസ്, സംവിധായകൻ കമൽ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഇന്ദു മേനോൻ, കവി വീരാൻകുട്ടി, മുഖ്ത്തർ ഉദരംപൊയിൽ, ചലച്ചിത്ര താരം ഇർഷാദ് അലി, തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യത്താൽ ലിറ്റററി ഫെസ്റ്റിന്റെ വരും ദിനങ്ങൾ ആകർഷകമാകും. ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ചിത്രകല, നാടകം, അഭിനയം, തുടങ്ങി വിവിധ മേഖലകളെ ആസ്പദമാക്കി വിവിധ പരിശീലനക്കളരികളും, ശില്പശാലകളും അരങ്ങേറും.

സൗദിയിലെ പ്രമുഖ വ്യവസായിയും, സിനിമാനിർമ്മാതാവുമായ ജോളി ലോനപ്പന്റെ ജീവിത കഥ പറയുന്ന ജോളിവുഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം എം.എൻ കാരശ്ശേരി പി.കെ പാറക്കടവിന് നൽകിക്കൊണ്ട് വേദിയിൽ വെച്ച് നിർവ്വഹിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രശസ്തരായ അഹമ്മദ് പുളിക്കൽ, അബ്ദുൽ ഖാദർ, പ്രദീപ്‌ കൊട്ടിയം, ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം, തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ സംസാരിച്ചു. പ്രവിശ്യയിലെ എഴുത്തുകാരായ മൻസൂർ പള്ളൂർ, മോഹൻ വസുധ എന്നിവരുടെ പുതിയ പുസ്തകങ്ങളുടെ കവർ പേജ് പ്രകാശനവും ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. മലയാളി സമാജം ഭാരവാഹികളായ ഡോ. സിന്ധു ബിനു, ഫബിനാ നജ്മുസമാൻ, മുരളീധരൻ, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, നജ്മുസാമാൻ, ഹുസൈൻ ചമ്പോളിൽ, ലീനാ ഉണ്ണിക്കൃഷ്ണൻ, ബിനു കുഞ്ഞ്, ബിനു പുരുഷോത്തമൻ, വിനോദ് കുഞ്ഞ്, ഹുസ്ന ആസിഫ്, ഹമീദ് കാണിച്ചാട്ടിൽ, ഷാജു അഞ്ചേരി, ഉണ്ണികൃഷ്ണൻ, റൗഫ് ചാവക്കാട്, സരള ജേക്കബ്, നിഖിൽ മുരളീധരൻ, അസ്ഹർ, ജോയ് തോമസ്, മുഹമ്മദ് നജീബ്, സബി നസീർ, രമ മുരളി, മാത്യൂ റോക്കി, അയ്മൻ നസീർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രവിശ്യയിലെ പ്രമുഖരായ കലാകാരന്മാർ അവതരിപ്പിച്ച ഗാനങ്ങളും, കവിതകളും, നൃത്തങ്ങളുമെല്ലാം ചടങ്ങിന് മോടി കൂട്ടി. വിസ്മയാ സജീഷ് സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ചടങ്ങിൽ ഷനീബ് അബൂബക്കർ സ്വാഗതവും നസീർ പുന്നപ്ര നന്ദിയും പറഞ്ഞു. ഡോക്ടർ അജി വർഗീസ്, ദിവ്യാ നവീൻ എന്നിവർ അവതാരകരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dammam Literary Fest Season 2
Next Story