ഒ.എൻ.വി കുറുപ്പിനെ അനുസ്മരിച്ച് സൗദി മലയാളി സമാജം
text_fieldsസൗദി മലയാളി സമാജം പരിപാടിയിൽ ഡോ. സിന്ധു ബിനു ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു
ദമ്മാം: മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠം ജേതാവുമായ ഒ.എൻ.വി. കുറുപ്പിന്റെ സ്മരണാർത്ഥം സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ച ചടങ്ങ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. അലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ സിന്ധു ബിനു അനുസ്മരണ പ്രഭാഷണം നടത്തി.
അനിതരസാധാരണമായ രചനാവൈഭവം കൊണ്ട് മലയാളത്തെ ഭാവസാന്ദ്രമാക്കിയ കവിതകളും കുളിർമഴ പൊഴിക്കുന്ന അവിസ്മരണീയ ഗാനങ്ങളും സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു ഒ.എൻ.വി എന്ന് അവർ അനുസ്മരിച്ചു. ചലച്ചിത്രരംഗത്ത് ഗാനരചയിതാവായും സാഹിത്യരംഗത്ത് കവിയായും ഒരേസമയം ജ്വലിച്ചുനിന്ന അപൂർവ്വതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം, നാലുമണിപ്പൂക്കൾ തുടങ്ങി നാൽപതിലേറെ കവിതാ സമാഹാരങ്ങളും, ഇരുനൂറിലധികം ചലച്ചിത്രഗാനങ്ങളും ഒട്ടനവധി നാടകഗാനങ്ങളും അദ്ദേഹം മലയാളത്തിന് സമർപ്പിച്ചു.
ഒ.എൻ.വിയുടെ ഹൃദ്യമായ കവിതകൾ ചൊല്ലിയും ഗാനങ്ങൾ ഓർത്തെടുത്തുമാണ് ഡോ. സിന്ധു ബിനു പ്രഭാഷണം നിർവഹിച്ചത്. മലയാള കവിതയെയും സിനിമാഗാനങ്ങളെയും ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കവിയില്ലെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ആബിദ് അടിവാരം, പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഷാജി മതിലകം, ഷബീർ ചാത്തമംഗലം, മാലിക് മഖ്ബൂൽ, ഷബ്ന നജീബ്, അനിൽ റഹീമ, മുസ്തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസ്മാൻ നിലമ്പൂർ എന്നിവർ സംസാരിച്ചു.
മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, സഹീർ മജ്ദാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഊഫ് ചാവക്കാട് അവതാരകനായിരുന്നു. ലീനാ ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസ്മാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

