77ാം അനുഛേദം ദുരുപയോഗിച്ച് സ്വദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു: തൊഴിൽ നിയമ ഭേദഗതി ശൂറയുടെ പരിഗണനയില്‍
text_fieldsറിയാദ്: സൗദി തൊഴില്‍ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ അടുത്താഴ്ച ചര്‍ച്ചക്കെടുക്കും. തൊഴില്‍ നിയമത്തിലെ 77ാം അനുഛേദം ദുരുപയോഗം ചെയ്ത് സ്വദേശികളെ കൂട്ടത്തോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി ശൂറ ചര്‍ച്ച ചെയ്യുന്നത്.സ്വദേശിവത്കരണത്തിനും സ്വദേശികള്‍ ജോലിയില്‍ തുടരുന്നതിനും വിഘാതം സൃഷ്ടിക്കുന്നതാണ് തൊഴില്‍ നിയമത്തിലെ 77ാം അനുഛേദമെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കാലാവധി നിര്‍ണയിക്കാത്ത തൊഴില്‍ കരാർ അനുസരിച്ചാണ് തൊഴിലാളി ജോലി ചെയ്യുന്നതെങ്കില്‍ സേവനത്തിലിരുന്ന ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വേതനം നല്‍കണമെന്നതാണ് ഇൗ അനുഛേദത്തിലുള്ളത്. നിശ്ചിതകാലാവധിയുള്ള കരാർ അനുസരിച്ച് ജോലി ചെയ്യുന്നവര്‍ക്ക് കരാറില്‍ ശേഷിക്കുന്ന കാലത്തേക്കുള്ള വേതനം നല്‍കിയിരിക്കണം.
ചുരുങ്ങിയത് രണ്ട് മാസത്തെ വേതനമെങ്കിലും നല്‍കിയായിരിക്കണം തൊഴിലാളിയെ പിരിച്ചയക്കേണ്ടത്. ഈ അനുഛേദം മറയാക്കി സ്വദേശി ജോലിക്കാരെ രണ്ട് മാസത്തെ വേതനം നല്‍കി കൂട്ടത്തോടെ പിരിച്ചയക്കുന്ന പ്രവണത തൊഴില്‍ വിപണിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്വദേശിവത്കരണം ലക്ഷ്യം നേടുന്നതിന് ഇത് വിഘാതം സൃഷ്ടിക്കുന്നു. തൊഴില്‍ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഭേദഗതി അനിവാര്യമാണെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.