എ.ഐ മേഖലയിൽ കുതിച്ചുചാട്ടവുമായി സൗദി: അറിവ് തേടാൻ സ്വദേശികൾ കൂടുതൽ ആശ്രയിക്കുന്നത് നിർമിതബുദ്ധിയെ
text_fieldsയാംബു: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യാ രംഗത്ത് അതിവേഗ വളർച്ചയുമായി സൗദി അറേബ്യ. നിലവിൽ ഈ മേഖലയിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്. ഒരു കാലത്ത് പ്രഫഷനൽ പരിശീലകർ, ട്യൂട്ടർമാർ, ഡിസൈനർമാർ എന്നിവർ ചെയ്തിരുന്ന പല ജോലികളും ഇന്ന് വിവിധ ‘ചാറ്റ്ബോട്ടു’കളുമായുള്ള ലളിതമായ സംഭാഷണങ്ങളിലേക്ക് ചുരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വേഗത്തിലും കുറഞ്ഞ ചെലവിലും വിവരങ്ങൾ ലഭ്യമാകുന്നതിനാൽ പുതുതലമുറ എ.ഐ സാങ്കേതികവിദ്യയെ വൻതോതിൽ പ്രയോജനപ്പെടുത്തുമ്പോൾ, ഇത് വിവിധ മേഖലകളിലെ പ്രഫഷനലുകളെ തങ്ങളുടെ തൊഴിൽ രീതികളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതരാക്കുന്നുമുണ്ട്. സാങ്കേതികവിദ്യയെ കൃത്യമായി മനസിലാക്കാനുള്ള കഴിവ് സ്വായത്തമാക്കുകയാണ് പുതുതലമുറ ആദ്യം ചെയ്യേണ്ടതെന്ന് സൗദിയിലെ ജനങ്ങൾ കരുതുന്നതായി ഒരു പ്രാദേശിക പത്രം നടത്തിയ സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.
റെസ്റ്റോറൻറ് ബ്രാൻഡ് രൂപകൽപ്പന, വ്യായാമ പദ്ധതി, ഭാഷാ പഠനം എന്നിവയ്ക്കായി വിദഗ്ധരെ കാണും മുൻപ് ഭൂരിഭാഗം സൗദികളും എ.ഐയെയാണ് ആശ്രയിക്കുന്നത്. സ്റ്റാൻഫോർഡ് സർവകലാശാലയുടെ 2023-ലെ എ.ഐ സൂചിക റിപ്പോർട്ട് പ്രകാരം, എ.ഐയെക്കുറിച്ചുള്ള സാമൂഹിക അവബോധത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡാറ്റ അനാലിസിസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ നൽകേണ്ടത് അനിവാര്യമാണെന്ന് സൗദിയിലെ ഭൂരിഭാഗം രക്ഷിതാക്കളും മനസിലാക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസം പരമ്പരാഗത രീതിയിൽ നിന്നും മാറി എ.ഐ അധിഷ്‌ഠിത പഠനരീതികളിലേക്ക് വ്യാപകമായി മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, സർക്കാർ സേവനങ്ങളിലും എ.ഐ വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, ‘വിഷൻ 2030’ പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഭരണകൂടം നൽകുന്ന പിന്തുണയെയാണ് ഈ നേട്ടം അടിവരയിടുന്നത്.
2019-ൽ സ്ഥാപിതമായ ‘സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി’ (സദ്യ) രാജ്യത്തെ ഈ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്നത്. സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും ഡാറ്റയും എ.ഐയും ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട്, രാജ്യത്തിെൻറ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളാണ് അതോറിറ്റി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

