സുരക്ഷ സഹകരണം ശക്തിപ്പെടുത്താൻ സൗദി-കുവൈത്ത് ധാരണ; സൗദി ആഭ്യന്തര മന്ത്രിയും കുവൈത്ത് ഉപപ്രധാനമന്ത്രിയും സുപ്രധാന ചർച്ചകൾ നടത്തി
text_fieldsസൗദി-കുവൈത്ത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിൽ ചർച്ച നടത്തുന്നു
റിയാദ്: സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള സുരക്ഷ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫും കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അൽസബാഹും കൂടിക്കാഴ്ച നടത്തി. കുവൈത്തിൽവെച്ച് നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും ആഭ്യന്തരമന്ത്രിമാർ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തത്.
സൗദി ഭരണാധികാരികളായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾക്കനുസൃതമായാണ് ഈ കൂടിക്കാഴ്ചയെന്ന് ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് വ്യക്തമാക്കി. സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷ സഹകരണത്തിന് അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയിൽ വിവരങ്ങളും വൈദഗ്ധ്യവും കൈമാറുന്നതിനെക്കുറിച്ചും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. കൂടാതെ, സുരക്ഷ പരിശീലന സംവിധാനം ശക്തിപ്പെടുത്തുന്നതിനും മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനും, ഏറ്റവും പുതിയ സുരക്ഷ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉപയോഗിക്കുന്നതിനും യോജിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഇരുരാജ്യങ്ങളുടെയും അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത നിരീക്ഷണം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് കൂടിക്കാഴ്ച വിലയിരുത്തി.
സൗദി-കുവൈത്ത് കോഓഡിനേഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിലിട്ടറി ആൻഡ് സെക്യൂരിറ്റി കോഓഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ ഇരു മന്ത്രിമാരും അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന രീതിയിൽ സംയുക്ത സുരക്ഷ സഹകരണം വർധിപ്പിക്കാനുള്ള താൽപര്യവും അവർ പങ്കുവെച്ചു. കൂടിക്കാഴ്ചയിൽ സുരക്ഷ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും കുറ്റകൃത്യങ്ങൾ തടയാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് അവലോകനം ചെയ്തു. ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

