സൗദി - കുവൈത്ത് അതിർത്തിയിൽ ചരക്കുനീക്കം ഇനി അതിവേഗം
text_fieldsറിയാദ് / കുവൈത്ത് സിറ്റി: സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള വ്യാപാര-ഗതാഗത ബന്ധം കൂടുതൽ ശക്തമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കര അതിർത്തി വഴിയുള്ള ചരക്കുനീക്കം വേഗത്തിലാക്കാനും റെയിൽവേ ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കാനുമുള്ള വലിയ പദ്ധതികളാണ് ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. കസ്റ്റംസ് നടപടികൾ എളുപ്പമാക്കാൻ രണ്ട് രാജ്യങ്ങളും തമ്മിൽ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഇലക്ട്രോണിക് രീതിയിൽ നേരിട്ട് ബന്ധിപ്പിച്ചു. ഇനിമുതൽ ഒരു രാജ്യത്തുനിന്ന് ചരക്കുമായി വണ്ടി പുറപ്പെടുമ്പോൾ തന്നെ അതിലെ സാധനങ്ങളുടെ വിവരങ്ങൾ അടുത്ത രാജ്യത്തെ കസ്റ്റംസിന് ഒപ്പത്തിനൊപ്പം ലഭിക്കും.
ഇതുവഴി ലോറികളും ചരക്കുകളും അതിർത്തിയിൽ എത്തുന്നതിന് മുമ്പ് തന്നെ രേഖകൾ പരിശോധിക്കാനും അനുമതികൾ തയാറാക്കിവെക്കാനും ഉദ്യോഗസ്ഥർക്ക് സാധിക്കും. അൽ ഖഫ്ജി, അൽ റാഖി എന്നീ അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി കടന്നുപോകുന്ന ട്രക്കുകൾക്ക് ഇനി സമയം പാഴാക്കാതെ വേഗത്തിൽ അതിർത്തി കടക്കാം. ഒരേ വിവരങ്ങൾ വീണ്ടും വീണ്ടും പേപ്പറിൽ എഴുതി നൽകേണ്ടി വരുന്നില്ല എന്നതും ഇതിെൻറ വലിയൊരു നേട്ടമാണ്.
ചരക്കുനീക്കത്തിന് പുറമെ റെയിൽവേ, മെട്രോ ട്രെയിൻ മേഖലകളിലും സൗദിയും കുവൈത്തും കൈകോർക്കുന്നുണ്ട്. സൗദി-കുവൈത്ത് കോഓഡിനേഷൻ കൗൺസിലിന് കീഴിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. സൗദിയുടെ ഗതാഗത മന്ത്രാലയവും കുവൈത്തിെൻറ പൊതുമരാമത്ത് മന്ത്രാലയവും ചേർന്നാണ് റെയിൽവേ ബന്ധിപ്പിക്കലിെൻറ പ്രവർത്തനങ്ങൾ നടത്തുന്നത്.
റെയിൽവേ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും സാങ്കേതിക വിജ്ഞാനവും സൗദി കുവൈത്തുമായി പങ്കുവെച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ ആകെ നിശ്ചയിച്ചിരുന്ന അഞ്ച് പ്രധാന ലക്ഷ്യങ്ങളിൽ മൂന്ന് എണ്ണവും ഇതിനകം പൂർത്തിയായി. ഇതിനുപുറമേ ട്രെയിൻ, മെട്രോ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശീലനങ്ങളും പഠന സന്ദർശനങ്ങളും നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

