സൗദി കെ.എം.സി.സിയുടെ പ്രവാസി റാലി ഇന്ന് കോഴിക്കോട്ട്
text_fieldsറിയാദ്/കോഴിക്കോട്: പ്രവാസി സമൂഹത്തോട് ഇടതു സർക്കാർ കാട്ടുന്ന അനീതിക്കും അവഗണനക്കുമെതിരെ ശക്തമായ മറുപടി നൽകാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി കെ.എം.സി.സിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കോഴിക്കോട്ട് പ്രവാസി റാലി സംഘടിപ്പിക്കും.
ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് ലീഗ് ഹൗസിൽ നിന്ന് ആരംഭിക്കുന്ന റാലി കുറ്റിച്ചിറയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. വിവിധ ജില്ലകളിലുള്ള കെ.എം.സി.സിയുടെയും മറ്റ് യു.ഡി.എഫ് പ്രവാസി സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഉച്ചക്ക് രണ്ടിന് മുമ്പായി ലീഗ് ഹൗസ് പരിസരത്ത് എത്തണമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ അഭ്യർഥിച്ചു. വിവിധ രാജ്യങ്ങളിലുള്ള യു.ഡി.എഫ് പ്രവാസി സംഘടനകളുടെ നേതാക്കൾക്കും പ്രവർത്തകർക്കും റാലിയിൽ പങ്കുചേരാൻ അവസരമുണ്ടാകും. കേരളത്തിന് രണ്ട് ലക്ഷത്തിലധികം കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികൾക്ക് ജനാധിപത്യ പ്രക്രിയയിലെ അതിപ്രധാന കർമമായ വോട്ടെടുപ്പിൽ പങ്കുചേരാൻ സൗകര്യമൊരുക്കേണ്ട ബാധ്യത കേരള സർക്കാരിനുണ്ടായിരുന്നുവെന്ന് കെ.എം.സി.സി നേതാക്കൾ പറഞ്ഞു.
യാത്രാപ്രതിസന്ധിയില്ലാത്ത ഭാഗങ്ങളിൽ നിന്ന് ന്യായമായ വിമാനക്കൂലി ഈടാക്കി പ്രവാസികൾക്ക് നാട്ടിലെത്താൻ പ്രത്യേക വിമാന സൗകര്യം ഏർപ്പെടുത്തണമായിരുന്നുവെന്നും സൗദി കെ.എം.സി.സി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സാധാരണ പ്രവാസികൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറി.
വിലക്കയറ്റം മൂലം പ്രവാസി കുടുംബങ്ങൾ അടക്കം കനത്ത പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ സംവിധാനം ആഡംബരത്തിലാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടികൾ ചെലവഴിച്ചാണ് സർക്കാരിെൻറ പ്രചാരണം കൊഴുപ്പിക്കുന്നത്.
സർക്കാരിെൻറ ആഡംബരങ്ങളുടെ ബലിയാടായി ഓരോ മലയാളിയും നിലവിൽ ഒന്നര ലക്ഷത്തിലധികം രൂപയുടെ കടക്കാരനായി മാറിയിരിക്കുകയാണെന്നും ഇതിനൊരു പരിഹാരം യു.ഡി.എഫ് അധികാരത്തിലേറുക മാത്രമാണെന്നും നാഷനൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

