നഷ്ടമായത് ആദർശധീരനായ നേതാവിനെ -സൗദി കെ.എം.സി.സി
text_fieldsറിയാദ്: വി.എസ്. അച്യുതാനന്ദന്റെ വിടവാങ്ങലിലൂടെ ആദർശധീരനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമാകുന്നതെന്ന് സൗദി കെ.എം.സി.സി. താൻ വിശ്വസിച്ച രാഷ്ട്രീയത്തിൽ ആത്മാർഥമായി നിലകൊണ്ട അദ്ദേഹം പാർട്ടിക്കുള്ളിലും പോരാടി നീതിക്കൊപ്പം നിൽക്കാൻ ആഗ്രഹിച്ചു.
കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായി മൂല്യച്യുതികൾക്കെതിരെ പടപൊരുതിയപ്പോൾ എതിർപ്പുകളേറെ നേരിടേണ്ടി വന്നെങ്കിലും വിപ്ലവ വീഥിയിൽ ആർജ്ജവത്തോടെ നിലകൊണ്ടു. തീപാറുന്ന വാക്കുകൾക്ക് മുമ്പിൽ ഒരു ജനതയെ കൂടെ നിർത്തിയ അദ്ദേഹം പ്രവർത്തനത്തിലും സംസാരത്തിലും തന്റെ ശൈലി കൊണ്ട് ശ്രദ്ധേയനായി.
ശക്തമായ നിലപാടുകളിലൂടെ കേരള രാഷ്ട്രീയത്തിൽ വേറിട്ട് നിന്നപ്പോൾ തന്നെ തനിക്കൊപ്പം നിന്നവരെ സംരക്ഷിക്കാൻ അസാമാന്യ ധൈര്യം കാട്ടിയ വി.എസിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്റെ ജനകീയ അടിത്തറക്ക് കരുത്ത് പകർന്നു. തൊഴിലാളി വർഗത്തിന്റെ താൽപര്യങ്ങൾക്കൊപ്പം സഞ്ചരിച്ചായിരുന്നു അദ്ദേഹത്തിന്റെ അവകാശ പോരാട്ടങ്ങൾ എന്ന് കാണാനൊക്കും. വ്യക്തി ജീവിതത്തിലെ ലാളിത്യവും നിലപാടുകളിലെ കാർക്കശ്യവും കേരളീയ സമൂഹത്തിനിടയിൽ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം നൽകി. അനീതിക്കെതിരെയുള്ള വി.എസിന്റെ പോരാട്ടങ്ങൾ പാർട്ടിക്കുള്ളിൽ പോലും കൊടുങ്കാറ്റായി മാറിയത് ചരിത്രമാണ്. വി.എസിന്റെ വിയോഗത്തിൽ സൗദി കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി.
സമാനതകളില്ലാത്ത സമര നേതാവ് -കേളി
റിയാദ്: പൊതുജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന സമാനതകളില്ലാത്ത സമര നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
85 വർഷത്തോളം നീണ്ട പൊതുപ്രവർത്തനത്തിൽ, സമരരംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചുനിന്ന വി.എസ്, പാർട്ടി പ്രവർത്തകർക്കും അവകാശ പോരാട്ടം നടത്തുന്നവർക്കും എന്നും പ്രചോദനമേകുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവർഗ പോരാട്ടങ്ങൾക്കും ജനകീയ വിഷയങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങൾക്ക് ഉഴിഞ്ഞുവെച്ചതായിരുന്നു.സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളിൽ അവസാന കണ്ണിയായ വി.എസ്, ആറു തവണ എം.എൽ.എയും രണ്ട് തവണ പ്രതിപക്ഷനേതാവും ഒരു തവണ മുഖ്യമന്ത്രിയും ആയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ 2006ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ പ്രവാസിക്ഷേമ പദ്ധതി നിയമസഭയിൽ പ്രഖ്യാപിക്കുകയും 2008 ൽ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിക്കുകയും ചെയ്തത് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന നടപടിയായിരുന്നു.
500 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 3,500ൽ എത്തിനിൽക്കുന്നതിനും തിരിച്ചെത്തിയ പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിലും സുപ്രധാന ചുവടുവെപ്പുമായിരുന്നു ഈ പദ്ധതിയെന്നും സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വി.എസ് കേരള രാഷ്ട്രീയത്തിലെ സമര പോരാളി -ജിദ്ദ നവോദയ
ജിദ്ദ: സമരവും ജീവിതവും രണ്ടല്ല ഒന്നാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച അണയാത്ത സമര സൂര്യനായിരുന്ന വി.എസ് ഇനി മനുഷ്യ മനസുകളിൽ ജ്വലിച്ചുനിൽക്കുമെന്ന് ജിദ്ദ നവോദയ കലാസാംസ്കാരിക വേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒരു സമര നൂറ്റാണ്ടിന്റെ ജീവിതസാക്ഷ്യം, വൈവിധ്യപൂർണമായ ചരിത്രസംഭവങ്ങളെ കണ്ടും ഇടപെട്ടും ജീവിച്ച, ഭീകര ലോക്കപ്പ് മർദ്ദനത്തിന് വിധേയനായ ജനസമ്മതനായ ഒരു ജനകീയ നേതാവായിരുന്നു വി.എസ്. കേരള രാഷ്ട്രീയത്തിൽ വി.എസിന്റെ വിയോഗം വരുത്തുന്ന വിടവ് എന്നും നിലനിൽക്കുമെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു
വി.എസ് പോരാളികളുടെ പോരാളി -മലയാളം മിഷൻ സൗദി ചാപ്റ്റർ
ജിദ്ദ: മുൻ മുഖ്യമന്ത്രിയും സമുന്നത രാഷ്ട്രീയ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ കമ്മിറ്റി അനുശോചിച്ചു. മലയാളം മിഷന്റെ സ്ഥാപക നേതാവായ വി.എസ് കേരളത്തിന്റെ സമര പാരമ്പര്യത്തിന്റെ ഉജ്ജ്വല പ്രതീകവും പോരാളികളുടെ പോരാളിയുമായിരുന്നെന്ന് ചാപ്റ്റർ കമ്മിറ്റിയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രവാസി വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും പ്രവാസി ക്ഷേമ പദ്ധതികൾക്ക് അടിത്തറയിടുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണ്. മലയാളിക്കും മലയാളത്തിനും പ്രിയങ്കരനായ വി.എസിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത്, സെക്രട്ടറി ജോമോൻ സ്റ്റീഫൻ, പ്രസിഡന്റ് പ്രദീപ് കൊട്ടിയം, കൺവീനർ ഷിബു തിരുവനന്തപുരം എന്നിവർ അറിയിച്ചു.
ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളിലെ അവസാന കണ്ണിയും മാഞ്ഞു -ന്യൂഏജ്
റിയാദ്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.
പ്രായാധിക്യത്തെ മറികടന്നുള്ള സമരവീര്യവും ആർജവവും അസാമാന്യ നിശ്ചയദാർഢ്യവുമുള്ള നേതാവായിരുന്ന വി.എസ്. ജനകീയ പ്രശ്നങ്ങളിൽ നീതി ലഭിക്കുവാൻ ജനത്തോടൊപ്പം നിൽക്കുന്ന നിലപാടുകളാണ് അദ്ദേഹത്തെ ഏറെ ജനകീയനാക്കിയത്.മുത്തങ്ങ, മതികെട്ടാൻ മല, പ്ലാച്ചിമട, മൂന്നാർ മുതലായ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ ജനതക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
രാജവാഴ്ചക്കാലത്ത് ഫ്യൂഡൽ മാടമ്പിമാരുടെ കൊടിയ ചൂഷണത്തിനും മർദനത്തിനും എതിരെ കർഷക തൊഴിലാളികളെയും മറ്റു മർദിത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ അതുല്യ പോരാട്ടങ്ങളിലൂടെയാണ് വി.എസ് എന്ന സഖാവിന്റെ ജീവിതം ഉദയം കൊള്ളുന്നത്. പാരിസ്ഥിതിക, വർഗ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹം ഏറെ പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ന്യൂ ഏജ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു
ദമ്മാം: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കലാസാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ എട്ടു പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ.
പരിസ്ഥിതിക്കും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനനായകനായി മാറിയത്.മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വി.എസ് നിർണായക പങ്ക് വഹിച്ചു.
അനീതികൾക്കെതിരെ തലയുയർത്തി നിന്ന, രാഷ്ട്രീയ പ്രതിബദ്ധതയും കാർക്കശ്യവും ജീവിതപാഠമാക്കിയ വി.എസ് വിടവാങ്ങുമ്പോൾ പോരാട്ടവീര്യം നിറഞ്ഞ രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്. കേരളം നിലനിൽക്കുന്ന കാലത്തോളം വി.എസ്. അച്യുതാനന്ദൻ എന്ന വിപ്ലവകാരിയുടെ ഓർമകൾ തലമുറകൾ കൈമാറി നിലനിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

