കെ.എം.സി.സി സുരക്ഷ പദ്ധതി കൂടുതൽ ജനകീയമാക്കാൻ നടപടി വേണം; കുഞ്ഞിമോൻ കാക്കിയ
text_fieldsറിയാദ്: പ്രവാസി സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും ഏറെ ആശ്വാസമേകുന്ന സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതി കൂടുതൽ ജനകീയമാക്കാൻ നടപടി വേണമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ പറഞ്ഞു.
സുരക്ഷ പദ്ധതി കോ - ഓഡിനേറ്റർമാർക്ക് വേണ്ടി സൗദിയിലുടനീളം കഴിഞ്ഞ ഒരുമാസമായി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന പരിശീലന ക്യാമ്പും മൊബൈൽ ആപ്പ് പരിചയപ്പെടുത്തൽ കാമ്പയിനിന്റെയും സമാപനം റിയാദിലെ ഷോലമാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാൻ എല്ലാവരുടെയും പൂർണമായ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷകൾ നഷ്ടപ്പെട്ട നിരവധി പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ പദ്ധതിയിലൂടെ ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ സഹായം നൽകാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുരക്ഷ പദ്ധതി ചീഫ് കോ-ഓർഡിനേറ്റർ റഫീഖ് പാറക്കൽ പരിശീലനപരിപാടിക്ക് നേതൃത്വം നൽകി. പദ്ധതിയുടെ നാൾവഴികൾ, പ്രവർത്തനരീതികൾ, അംഗത്വ നടപടികൾ, മൊബൈൽ ആപ്പിന്റെ ഉപയോഗം, സേവനങ്ങൾ അർഹരായ പ്രവാസി കുടുംബങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
പ്രവാസജീവിതത്തിനിടെ അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടേണ്ടിവരുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തികവും സാമൂഹികവുമായ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് കെ.എം.സി.സി സുരക്ഷാ പദ്ധതി ആരംഭിച്ചത്.
14-ാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതിയിൽ ഓരോ വർഷവും ശരാശരി ഒരു ലക്ഷത്തോളം പേർ അംഗങ്ങളാകുന്നുണ്ട്. ജാതി-മത ഭേദമന്യേ എല്ലാ പ്രവാസികൾക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. 2027 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ സെപ്റ്റംബർ 15 ന് ആരംഭിച്ച് ഡിസംബർ 15 ന് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൗദി നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശറഫുദ്ദീൻ കണ്ണേറ്റി, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു.പി മുസ്തഫ, വാദി ദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് കോഴിച്ചെന, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ.കോയാമു ഹാജി, മുജീബ് ഉപ്പട, മൊയ്തീൻകുട്ടി തെന്നല, മുഹമ്മദ് വേങ്ങര, ജലീൽ തിരൂർ,
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മാങ്കാവ്, നജീബ് നല്ലാംങ്കണ്ടി, ഷമീർ പറമ്പത്ത്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, പി.സി മജീദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. നജീബ് വാഫിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

