കേരളത്തിന്റെ മതനിരപേക്ഷതക്ക് വിലപറഞ്ഞവർക്കുള്ള ചുട്ട മറുപടി -സൗദി കെ.എം.സി.സി
text_fieldsറിയാദ്: ഭരണതലത്തിൽ മുച്ചൂടും പരാജയപ്പെട്ട ഇടതുപക്ഷം കുറുക്കുവഴിയിലൂടെയുള്ള വിജയത്തിനായി മലയാളിയുടെ മതനിരപേക്ഷതക്ക് വിലപറഞ്ഞതിന്റെ ഷോക് ട്രീറ്റ്മന്റൊണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അവിസ്മരണീയമായ ഈ കുതിപ്പിൽ യു.ഡി.എഫിനെ പിന്തുണച്ച കേരളത്തിലെ വോട്ടർമാർക്കും പ്രവാസലോകത്ത് യു.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിച്ച പ്രവാസികൾക്കും കെ.എം.സി.സി നന്ദി രേഖപ്പെടുത്തി. ഒറ്റക്കെട്ടായി തെരഞ്ഞെഉടപ്പിനെ നേരിട്ട യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും കെ.എം.സി.സി അഭിനന്ദിച്ചു.
ഭരണവിരുദ്ധ തരംഗമുണ്ടെന്ന് കണ്ടപ്പോൾ അഭ്രപാളിയിലെ അവസാന അടവുകളുമായി പലരെയും കൂട്ടുപിടിച്ച് രംഗത്ത് വന്നിട്ടും പ്രബുദ്ധരായ കേരളത്തിന്റെ മക്കൾ ചുട്ട മറുപടിയാണ് നൽകിയത്. ഒരു ദശകത്തിന്റെ ധാർഷ്ട്യവും ഏകാധിപത്യത്തിന്റെ സ്വരവും സകല മേഖലകളിലെയും തകർച്ചയും കേരളത്തിന്റെ മനസ്സിനെ നന്നായി വേദനിപ്പിച്ചതിന് മറുപടി നൽകാനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു കേരളത്തിലെ ഉല്ബുദ്ധരായ വോട്ടർമാർ.
കേരളത്തിലെ പൊതുസമൂഹത്തിനും അതുപോലെ പ്രവാസികൾക്കും നൽകിയ പല ഉറപ്പുകളും ജലരേഖയായിരുന്നു. പ്രവാസികളെ കൂടെ നിർത്താനുള്ള തന്ത്രങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പലപ്പോഴായി ഗൾഫ് നാടുകളിലെത്തിയപ്പോഴും വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. ഒടുവിൽ കൊണ്ടുവന്ന നോർക്ക കെയറും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ചപ്പോൾ യഥാർഥത്തിൽ ഈ ആനുകൂല്യം കിട്ടേണ്ട മുൻപ്രവാസികളും കുടുംബങ്ങളും പുറത്തായി. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പ്രഖ്യാപിച്ച ഈ പദ്ധതിയിൽ അംഗത്വമെടുക്കാൻ നൽകിയ സമയപരിധിയും അതിലെ നടപടികൾക്കുള്ള ധൃതിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രവാസികൾക്ക് മുമ്പിൽ വെക്കാനുള്ള പദ്ധതി മാത്രമായി മാറുകയായിരുന്നു.
ഏറ്റവും കൂടുതൽ വിദേശനാണ്യം നേടുന്ന സംസ്ഥാനമായ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഇത്രയധികം തകർന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല. എന്നിട്ടും കോടികൾ വാങ്ങിക്കൂട്ടി രക്ഷപ്പെടാനാവാത്ത വിധം വീണ്ടും കടം വാങ്ങി നാടിനെ മുടിപ്പിക്കുന്നവരെ മലയാളികൾ തിരിച്ചറിഞ്ഞതാണ് ഈ ഫലത്തിന്റെ മറ്റൊരു വശം. ഷോ വർക്കുകൾ നടത്തി മലയാളിയുടെ മനസ്സിൽ കുടികൊള്ളാനായിരുന്നു ഭരണകൂടത്തിന്റെ ശ്രമം.
ഭൂരിപക്ഷ വോട്ടിൽ കണ്ണും നട്ട് ന്യൂനപക്ഷങ്ങളെ വർഗീയമായി വേർതിരിച്ച് വിഭജിച്ച് വിജയം ലക്ഷ്യമാക്കിയവരുടെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു കേരള ജനത. വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ തോളിലേറ്റിയും കിറ്റുകൾ കാണിച്ചും പെൻഷൻ പ്രഖ്യാപനങ്ങൾ നടത്തിയും ജനങ്ങളെ കൂടെ നിർത്താമെന്ന വ്യാമോഹത്തിന് ഇടതുപക്ഷത്തിന്റെ ഇടനെഞ്ചിലാണ് വോട്ടർമാർ പ്രഹരിച്ചത്. മലപ്പുറത്ത് ചീറ്റിയ വിഷം സി.പി.എമ്മിന്റെ മസ്തിഷ്കത്തിലാണ് തിരിച്ചു പതിച്ചത്. ഒരു ഭാഗത്ത് ശബരിമല ആഗോള സംഗമം സംഘടിപ്പിച്ചപ്പോൾ അതേ തീർഥാടന കേന്ദ്രത്തിൽനിന്ന് തന്നെ വിശ്വാസികളുടെ മനസ് വ്രണപ്പെടുത്തി സ്വർണക്കൊള്ള നടന്നതും അതിൽ സി.പി.എം നേതാക്കൾ ഉൾപ്പെട്ടതും ഇടതിന്റെ കാപട്യം തുറന്നുകാട്ടുന്നതായിരുന്നു.
പി.എം ശ്രീയിലും ലേബർ കോഡിലും ബി.ജെ.പിയുടെ കുതന്ത്രങ്ങൾക്ക് മൗനാനുവാദം നൽകിയത് പാർലിമന്റെിൽ ബി.ജെ.പി മന്ത്രി തന്നെ വിളിച്ചുപറഞ്ഞപ്പോൾ ഉടുതുണി അഴിഞ്ഞ അവസ്ഥയിലായിരുന്നല്ലോ പിണറായി സർക്കാർ. ഇടതിന്റെ ഹിഡൻ അജണ്ടകൾക്ക് കേരളത്തിന്റെ മണ്ണ് വളക്കൂറുള്ളതല്ലെന്ന് അറിയിച്ച് കേരളത്തിൽ ആഞ്ഞുവീശിയ ഈ കാറ്റ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് പോലെ ഇതൊരു സെമി ഫൈനലിൽ ആയിരുന്നു. ഇടതു പോസ്റ്റിൽ ഗോവർഷം നടത്തി യു.ഡി.എഫ് അവിസ്മരണീയ വിജയം നേടിക്കഴിഞ്ഞു. ഫൈനലിൽ നിയമസഭ തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് കെ.എം.സി.സി നാഷനൽ കമ്മിറ്റി വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
