കിരീടാവകാശി -ട്രംപ് ചർച്ചകളുടെ ഫലങ്ങളെ സൽമാൻ രാജാവ് പ്രശംസിച്ചു
text_fieldsസൗദി മന്ത്രിസഭ യോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷതവഹിക്കുന്നു
റിയാദ്: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന ചർച്ചകളുടെ ഫലങ്ങളെ സൽമാൻ രാജാവ് പ്രശംസിച്ചു. ഇത് പല സുപ്രധാന മേഖലകളിലും ഉഭയകക്ഷി ബന്ധങ്ങളെ അഭൂതപൂർവമായ തലത്തിലേക്ക് ഉയർത്തിയെന്നും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സംയോജനം വർധിപ്പിക്കുന്നതിന് കാരണമായെന്നും സൽമാൻ രാജാവ് ചൊവ്വാഴ്ച മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കവേ പറഞ്ഞു. സൗദി സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതിന് ട്രംപിന് സൽമാൻ രാജാവ് നന്ദി അറിയിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി നടന്ന സൗദി-അമേരിക്കൻ ഉച്ചകോടിയുടെ ഉള്ളടക്കം യോഗം വിലയിരുത്തി. ഇരുരാജ്യങ്ങളിലെയും സർക്കാറുകൾ തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്ത രേഖയിൽ ഒപ്പുവെക്കൽ, വിവിധ മേഖലകളിലെ സഹകരണത്തിന്രെയും ധാരണയുടെയും കരാറുകളുടെയും മെമ്മോറാണ്ടങ്ങളുടെയും കൈമാറ്റം പ്രഖ്യാപിക്കൽ എന്നിവ ഉച്ചകോടിയിലുണ്ടായതായി മന്ത്രിസഭ അറിയിച്ചു.
അടുത്ത നാല് വർഷത്തിനുള്ളിൽ 600 ശതകോടി ഡോളറിലധികം അനുവദിച്ചുകൊണ്ട് അമേരിക്കയുമായുള്ള നിക്ഷേപങ്ങളും വ്യാപാര ബന്ധങ്ങളും വികസിപ്പിക്കാനുള്ള സൗദിയുടെ ദൃഢനിശ്ചയം മന്ത്രിസഭ ആവർത്തിച്ചു. സൗദി-യു.എസ് നിക്ഷേപ ഫോറത്തിൽ പ്രഖ്യാപിച്ച 300 ശതകോടി ഡോളറിലധികം മൂല്യമുള്ള പരസ്പര കരാറുകളും നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഗൾഫ്-യു.എസ് ഉച്ചകോടിയിൽ കിരീടാവകാശി നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കത്തെ മന്ത്രിസഭ പ്രശംസിച്ചു. സംയുക്ത ഏകോപനം തീവ്രമാക്കുക, സഹോദര സൗഹൃദ രാജ്യങ്ങളുമായി ബഹുമുഖ പ്രവർത്തനങ്ങൾ കൂടുതൽ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുക, പ്രാദേശിക, അന്തർദേശീയ പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നിവയെ അടിസ്ഥാനമാക്കിയുള്ള സൗദിയുടെ സമീപനമാണ് സമഗ്രമായ ഉള്ളടക്കത്തിലും ദർശനത്തിലും ഉൾക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
സിറിയക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശ്രമങ്ങളോടുള്ള യു.എസ് പ്രസിഡന്റിന്റെ പ്രതികരണത്തെ മന്ത്രിസഭ പ്രശംസിച്ചു. ഇത് സിറിയയിലെ വികസനത്തിനും പുനർനിർമാണത്തിനും പിന്തുണ നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഉച്ചകോടി തലത്തിൽ നടന്ന അറബ് ലീഗിന്റെ 34ാമത് പതിവ് സെഷനിൽ സൗദി പ്രകടിപ്പിച്ച കാര്യങ്ങൾ മന്ത്രിസഭ ആവർത്തിച്ചു.
ഗസ്സയിൽ വെടിനിർത്തൽ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. നിർബന്ധിത കുടിയിറക്കൽ ശ്രമങ്ങളെയും ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാതെ പരിഹാരങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെയും ശക്തമായി നിരാകരിക്കുന്നതായും മന്ത്രിസഭ ആവർത്തിച്ചു. സ്ഥാപിതമായതിന്റെ 10ാം വാർഷികത്തോടനുബന്ധിച്ച് കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെയും അതിലെ ജീവനക്കാരുടെയും നേട്ടങ്ങൾക്ക് മന്ത്രിസഭ അഭിനന്ദനം അറിയിച്ചു. നൂറിലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ദരിദ്ര ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതിന് സംഭാവന ചെയ്തതായി വിലയിരുത്തി. അന്താരാഷ്ട്ര ശാസ്ത്ര-എൻജിനീയറിങ് മേളയിൽ (ഐഎസെഫ് 2025) അഭിമാനകരമായ അവാർഡുകൾ നേടിയതിന് സൗദി മന്ത്രിസഭ രാജ്യത്തെ വിദ്യാർഥികളെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

