യാത്രാനടപടികൾ കൂടുതൽ സുഗമം; സേവനങ്ങൾ ശക്തമാക്കി സൗദി പാസ്‌പോർട്ട് വിഭാഗം
text_fieldsറിയാദ്: സൗദി അറേബ്യയിലെ എല്ലാ കര, വ്യോമ, നാവിക ഇമിേഗ്രഷൻ കേന്ദ്രങ്ങൾ വഴിയുള്ള യാത്രക്കാരുടെ പരിശോധനകളും അനുബന്ധ നടപടികളും കൂടുതൽ വേഗത്തിലും തടസ്സമില്ലാതെയും പൂർത്തിയാക്കുന്നതിനായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
രാജ്യത്തേക്ക് എത്തുന്നവരുടെയും പോകുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് പൂർണസജ്ജമായ തൊഴിൽ സംവിധാനം അതിർത്തികളിൽ നടപ്പാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര അതിർത്തി കേന്ദ്രങ്ങളിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും അവർക്ക് മികച്ച യാത്രാനുഭവം നൽകാനുമായി വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരെയും അത്യാധുനിക സാങ്കേതിക വിദ്യകളും ജവാസത്ത് സജ്ജമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, രാജ്യത്തിനകത്തും പുറത്തും കഴിയുന്ന എല്ലാ സൗദി പൗരന്മാരും തങ്ങളുടെ പാസ്‌പോർട്ടുകൾ വളരെ ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ജവാസത്ത് പ്രത്യേകം അഭ്യർത്ഥിച്ചു. പാസ്‌പോർട്ട് കേടുപാടുകൾ സംഭവിക്കാതെയും, നഷ്ടപ്പെടാതെയും, മോഷ്ടിക്കപ്പെടാതെയും നോക്കണം. ഇവ അശ്രദ്ധമായി ഇടുകയോ, പണയം വെക്കുകയോ, ദുരുപയോഗം ചെയ്യുകയോ അരുത്.
യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ, യാത്ര തിരിക്കുന്നതിന് മതിയായ സമയം മുൻപായി തന്നെ പാസ്പോർട്ടിെൻറ കാലാവധിയും രേഖകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്. യാത്രക്കാർക്കിടയിൽ കൃത്യമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ജവാസത്ത് നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

