സൗദി-ഇറ്റലി സംയുക്ത പ്രസ്താവന ഫലസ്തീനികളെ കുടിയിറക്കുന്നത് പൂർണമായി നിരാകരിക്കുന്നു
text_fieldsറോമിലെത്തിയ സൗദി
വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഇറ്റാലിയൻ വിദേശകാര്യ
മന്ത്രി അന്റോണിയോ തജാനി സ്വീകരിക്കുന്നു
റിയാദ്: ഫലസ്തീൻ നിവാസികളെ കുടിയിറക്കുന്നതിനെ പൂർണമായി നിരാകരിക്കുന്നതായി സൗദി-ഇറ്റാലി സംയുക്ത പ്രസ്താവന. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും തമ്മിൽ റോമിൽ നടന്ന ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് സൗദി-ഇറ്റലി സംയുക്ത പ്രസ്താവന ഉണ്ടായത്.
മധ്യപൂർവദേശത്ത് നീതിയുക്തവും സുരക്ഷിതവും സമഗ്രവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുവരും സ്ഥിരീകരിച്ചു. കുടിയിറക്കപ്പെടാതിരിക്കുക, പുറത്താക്കപ്പെടാതിരിക്കുക എന്നീ തത്ത്വങ്ങൾ പൂർണമായും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. യുദ്ധാനന്തര കരാറുകൾ വ്യക്തവും സമയബന്ധിതവുമായ ഒരു നടപ്പാക്കൽ പ്രക്രിയയുമായി അടുത്ത ബന്ധമുള്ളതായിരിക്കണമെന്നും അധിനിവേശം അവസാനിപ്പിക്കുകയും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കണമെന്നും സൗദി അറേബ്യയും ഇറ്റലിയും ആവശ്യപ്പെട്ടു.
മേഖലയിലും അതിനപ്പുറത്തും സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ദർശനങ്ങൾക്ക് അനുസൃതമായ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഫലസ്തീൻ അതോറിറ്റിയെ ശാക്തീകരിക്കുന്നതിനുള്ള ഫലപ്രദമായ സഹകരണം തേടും. മധ്യപൂർവദേശത്ത് നീതിയുക്തവും സുരക്ഷിതവും സമഗ്രവും, സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ ഗസ്സയിലെ ശത്രുത അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കാനുമുള്ള ആഹ്വാനം ഇരു രാജ്യങ്ങളും ആവർത്തിച്ചു. വെസ്റ്റ് ബാങ്കിൽ ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന ഏകപക്ഷീയമായ ഏതൊരു നടപടികളെയും അക്രമ പ്രവർത്തനങ്ങളെയും റിയാദും റോമും അപലപിച്ചു. ഗസ്സ മുനമ്പിലുടനീളം മാനുഷിക സഹായങ്ങളും അവശ്യവസ്തുക്കളും അനിയന്ത്രിതമായി ലഭ്യമാക്കണമെന്നും തടഞ്ഞുവച്ചിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കണമെന്നും സൗദി-ഇറ്റാലി സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

