സൗദി അന്താരാഷ്ട്ര ഫാൽക്കൺസ് എക്സിബിഷന് തുടക്കം
text_fieldsറിയാദ്: സൗദി ഫാൽക്കൺസ് ക്ലബ് സംഘടിപ്പിക്കുന്ന സൗദി ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് പ്രദർശനം 2025 ആരംഭിച്ചു. റിയാദിന് വടക്കുള്ള മൽഹാമിലുള്ള റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ച പ്രദർശനം ഈ മാസം 11 വരെ തുടരും. 45 രാജ്യങ്ങളിൽ നിന്നുള്ള 1,300ലധികം പ്രദർശകരുടെ പങ്കാളിത്തത്തോടെയും വലിയ അന്താരാഷ്ട്ര സാന്നിധ്യത്തോടെയുമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഫാൽക്കൺറി, വേട്ട പൈതൃകം എന്നിവ സംരക്ഷിക്കുന്നതിനുള്ള ഈ പ്രദർശനം ലോകത്തിലെ ഏറ്റവും വലിയ പ്രദർശനമാണെന്ന് സി.ഇ.ഒ തലാൽ അൽ ശംസി പറഞ്ഞു. മംഗോളിയൻ ഫാൽക്കൺസ് ഏരിയ, സലൂക്കി മ്യൂസിയം, ചൈനീസ് പവിലിയൻ, എക്സിബിഷൻ സഫാരി, ഫാൽക്കണേഴ്സ് ഓഫ് ദി ഫ്യൂച്ചർ വില്ലേജ് തുടങ്ങിയവ ഉൾപ്പെടെ 28 പ്രത്യേക മേഖലകളും 23ലധികം പരിപാടികളും പ്രദർശനത്തിലുണ്ട്.
കൂടാതെ, കലയുടെയും പൈതൃകത്തിന്റെയും പ്രദർശനങ്ങൾ, പരിശീലന വർക്ക്ഷോപ്പുകൾ, ഷൂട്ടിങ് റേഞ്ചുകൾ, ഒട്ടകങ്ങളുടെയും ഫാൽക്കണുകളുടെയും ലേലങ്ങൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് അൽശംസി പറഞ്ഞു.ഫാൽക്കൺ, കുതിരസവാരി പ്രദർശനങ്ങൾ, നാടോടി കലകൾ, ഒട്ടക, ഫാൽക്കൺ ലേലങ്ങൾ, ഷൂട്ടിങ് റേഞ്ചുകൾ, പരിശീലന, കരകൗശല വർക്ക്ഷോപ്പുകൾ, കാർ ഡ്രൈവിങ്, ഒട്ടക സവാരി തുടങ്ങിയവ ഉൾപ്പെടെ നിരവധി വൈവിധ്യമാർന്ന അനുഭവങ്ങളും പ്രദർശനത്തിലുണ്ടാകും. ആറ് ദിവസങ്ങളിലായി നടക്കുന്ന ‘അൽമൽവാഹ്’ ഓട്ടമത്സരത്തിൽ ആറ് വിഭാഗങ്ങളിലായി ഫാൽക്കണുകൾ ഉണ്ടായിരിക്കും. ദിവസേന പത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
60 വിജയികൾക്ക് ആകെ 6,00,000 റിയാലിന്റെ സമ്മാനങ്ങൾ ലഭിക്കും. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയും ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയും സ്പോൺസർ ചെയ്ത പ്രദർശനമാണിത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെ സന്ദർശകരെ സ്വാഗതം ചെയ്യുമെന്നും ഔദ്യോഗിക വെബ്സൈറ്റ് വഴി സൗജന്യ രജിസ്ട്രേഷൻ ലഭ്യമാണെന്നും അൽശംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

