സൗദിയിൽ പണപ്പെരുപ്പ നിരക്ക് ജൂണിൽ 1.8 ശതമാനമായി; മൊത്തവില സൂചികയിൽ 4.8 ശതമാനം വർധന
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പ നിരക്ക്) 2026 ജൂണിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.8 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പ്രധാനമായും പാർപ്പിടം, ജലം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുൾപ്പെടുന്ന മേഖലയിലുണ്ടായ 3.5 ശതമാനത്തിന്റെ വിലക്കയറ്റമാണ് ഇതിന് കാരണം. ഇതിൽ യഥാർത്ഥ പാർപ്പിട വാടകയിൽ മാത്രം 4.4 ശതമാനത്തിന്റെ വർധനവുണ്ടായി. കൂടാതെ വ്യക്തിഗത പരിചരണ സേവന മേഖലയിൽ 3.8 ശതമാനവും (ആഭരണങ്ങൾ, വാച്ചുകൾ എന്നിവയ്ക്ക് 14.7 ശതമാനം കൂടിയതുമൂലം), ഗതാഗതച്ചെലവിൽ 1.7 ശതമാനവും, ഭക്ഷണ-പാനീയങ്ങൾക്ക് 1.4 ശതമാനവും, വിനോദ-കായിക മേഖലകളിൽ 2.5 ശതമാനവും വാർഷിക വിലക്കയറ്റം രേഖപ്പെടുത്തി.
അതേസമയം ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവയിൽ 0.6 ശതമാനവും വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയിൽ 0.4 ശതമാനവും ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ പണപ്പെരുപ്പത്തിൽ 0.2 ശതമാനത്തിന്റെ നേരിയ പ്രതിമാസ വർധനവുമുണ്ട്.
മറ്റൊരു പ്രധാന സാമ്പത്തിക സൂചികയായ രാജ്യത്തെ മൊത്തവില സൂചികയിൽ മുൻവർഷത്തെ അപേക്ഷിച്ച് ജൂണിൽ 4.8 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
കെമിക്കൽ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ 62 ശതമാനത്തിന്റെ കുതിപ്പും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റവും കാരണം ലോഹേതര ഇതര ചരക്കുകളുടെ വില 9.3 ശതമാനം ഉയർന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ ലോഹ ഉൽപ്പന്നങ്ങൾ, യന്ത്രങ്ങൾ എന്നിവയുടെ വിലയിൽ 1.6 ശതമാനവും, കൃഷി-മത്സ്യബന്ധന മേഖലയിൽ 4 ശതമാനവും, ഭക്ഷ്യോൽപ്പന്നങ്ങളുടെ വിഭാഗത്തിൽ 0.2 ശതമാനവും വാർഷിക വർധനവുണ്ടായി. എന്നാൽ അയിരുകളുടെയും ധാതുക്കളുടെയും വിലയിൽ 0.5 ശതമാനം കുറവ് രേഖപ്പെടുത്തി. പ്രതിമാസ അടിസ്ഥാനത്തിൽ മൊത്തവില സൂചിക മുൻമാസത്തെ അപേക്ഷിച്ച് 0.2 ശതമാനം ഉയർന്നപ്പോൾ, കൃഷി-മത്സ്യബന്ധന മേഖലയിൽ 1.4 ശതമാനവും ലോഹേതര ഇതര ചരക്കുകളിൽ 0.2 ശതമാനവും വർധനവുണ്ടായെങ്കിലും ലോഹ ഉൽപ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും വിലയിൽ 0.2 ശതമാനം കുറവുണ്ടായി. അയിരുകളുടെയും ധാതുക്കളുടെയും വിലയിൽ ഈ കാലയളവിൽ മാറ്റമൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

