സൗദി വ്യവസായ ഫോറം സമ്മേളനം സെപ്റ്റംബർ 14 മുതൽ ജിദ്ദയിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിലെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള രണ്ടാമത് ‘സൗദി ഇൻഡസ്ട്രി ഫോറം 2026’ സെപ്റ്റംബർ 14 മുതൽ 16 വരെ ജിദ്ദ സൂപ്പർ ഡോമിൽ നടക്കും. മക്ക പ്രവിശ്യ ഗവർണറും രാജാവിെൻറ ഉപദേഷ്ടാവുമായ അമീർ ഖാലിദ് ബിൻ ഫൈസലിെൻറ രക്ഷാകർതൃത്വത്തിലാണ് ഈ പ്രമുഖ വ്യവസായ സംഗമം സംഘടിപ്പിക്കുന്നത്.
സൗദി ചേംബേഴ്സ് ഫെഡറേഷെൻറ നാഷനൽ ഇൻഡസ്ട്രിയൽ കമ്മിറ്റിയും ജിദ്ദ ചേംബറും ചേർന്നാണ് പരിപാടിയുടെ സംഘാടനം നിർവഹിക്കുന്നത്. വ്യവസായ-ഖനന മന്ത്രാലയത്തിെൻറയും അതിെൻറ കീഴിലുള്ള സംവിധാനങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തോടെയാണ് ഫോറം സംഘടിപ്പിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകൾ, ദേശീയ കമ്പനികൾ, സർവകലാശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയ്‌ക്കൊപ്പം രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ നേതാക്കൾ, ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവർ ഇതിൽ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഫോറത്തിൽ വ്യാവസായിക മേഖലയിലെ പുതിയ സംഭവവികാസങ്ങളും അവസരങ്ങളും ചർച്ച ചെയ്യുന്ന പ്രത്യേക സംവാദങ്ങളും വർക്ക്‌ഷോപ്പുകളും നടക്കും.
ദേശീയ വ്യവസായങ്ങളുടെ ഭാവി, വിതരണ ശൃംഖലകളും ലോജിസ്റ്റിക് സേവനങ്ങളും ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്ത്രപരമായ മേഖലകളിൽ കാർ നിർമാണം, ഭക്ഷ്യ-മരുന്ന് വ്യവസായങ്ങൾ എന്നിവയ്ക്കൊപ്പം സംയോജിത വ്യാവസായിക അടിത്തറ വികസിപ്പിക്കലും ചർച്ച ചെയ്യപ്പെടും.
വ്യവസായിക മേഖലയും സർവകലാശാലകളും ഗവേഷണ-വികസന കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക, അക്കാദമിക ഗവേഷണ ഫലങ്ങളെ വ്യവസായ മേഖലയുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുക, വ്യവസായ വികസനത്തിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നിവയും ഫോറത്തിെൻറ പ്രധാന ലക്ഷ്യങ്ങളാണ്.
കൂടാതെ, പ്രാദേശിക ഉള്ളടക്കം മെച്ചപ്പെടുത്തുക, ദേശീയ സ്ഥാപനങ്ങളുടെ സംഭാവന ഉയർത്തുക, ഗുണനിലവാരമുള്ള നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുക എന്നിവയും ഇതിെൻറ ഭാഗമായി നടക്കും. വ്യവസായിക രംഗത്തെ കക്ഷികൾ തമ്മിലുള്ള പങ്കാളിത്തവും ഏകോപനവും ദൃഢമാക്കുക, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, ദേശീയ വ്യവസായത്തിെൻറ മത്സരക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഫോറത്തിൽ വെച്ച് ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യയിലെ വ്യാവസായിക മേഖല അതിവേഗ വളർച്ചക്കും സുപ്രധാന മാറ്റങ്ങൾക്കും സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഫോറം സംഘടിപ്പിക്കപ്പെടുന്നത്. സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിലും പ്രാദേശിക ഉള്ളടക്കം ശക്തിപ്പെടുത്തുന്നതിലും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും ഈ മേഖല വഹിക്കുന്ന പങ്കു വളരെ വലുതാണ്. ഇത് രാജ്യത്തിെൻറ 'സൗദി വിഷൻ 2030' ലക്ഷ്യങ്ങൾക്ക് കരുത്ത് പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

