കേരളത്തിൽ വേരുകളുള്ള സൗദി വ്യവസായ പ്രമുഖൻ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി ജിദ്ദയിൽ നിര്യാതനായി
text_fieldsജിദ്ദ: കേരളത്തിൽ വേരുകളുള്ള, മലയാളം സംസാരിക്കുന്ന സൗദി വ്യവസായ പ്രമുഖൻ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി (70) നിര്യാതനായി. അബൂ റയ്യാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. 1949 ല്‍ ആലപ്പുഴ ആറാട്ടുപുഴയില്‍ നിന്ന് ജിദ്ദയിലെത്തി ബിസിനസ് പ്രമുഖനായി മാറിയ സഈദ് മുഹമ്മദ് അലി അബ്ദുല്‍ ഖാദര്‍ മലൈബാരിയാണ് ഇദ്ദേഹത്തിന്റെ പിതാവ്.
1955 ല്‍ ജിദ്ദ ബലദില്‍ ജനിച്ചുവളര്‍ന്ന ശൈഖ് മുഹമ്മദ് സഈദ് മലൈബാരി കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ ബിരുദപഠനശേഷം 1980 ല്‍ ബിസിനസില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറി. മുഹമ്മദ് സഈദ് കമേഴ്‌സ്യല്‍ കോര്‍പറേഷന്റെ (മൊസാകോ) ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇദ്ദേഹം ബലദിൽ കശ്മീരി ടെക്‌സ്റ്റയില്‍സ് സ്ഥാപിച്ചുകൊണ്ട് ടെക്സ്റ്റയില്‍സ് മേഖലയിലേക്ക് കടന്നുവന്നു. ഇന്ത്യൻ വസ്ത്ര വിപണിയിലെ പ്രധാന ബ്രാൻഡായ റെയ്‌മണ്ട്‌സിന്റെ ജിദ്ദയിലെ ഉടമയും ഇദ്ദേഹമായിരുന്നു.
നന്നായി മലയാളം സംസാരിക്കുന്ന ഇദ്ദേഹം ഇടക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പതിവുമുണ്ടായിരുന്നു. 2019 ഏപ്രിലില്‍ ജിദ്ദയിലെ ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ് (ജി.ജി.ഐ) ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് 'മുസ് രിസ് ടു മക്ക' എന്നപേരിൽ സംഘടിപ്പിച്ച ഇന്ത്യന്‍ വംശജരായ സൗദി പ്രമുഖരുടെ പ്രഥമ സംഗമത്തിൽ പങ്കെടുത്തിരുന്നു. ഈ വർഷം മെയ് മാസം ജി.ജി.ഐ തന്നെ സംഘടിപ്പിച്ച 'വീരോചിത മലൈബാരി ബര്‍ത്താനം' എന്ന പരിപാടിയില്‍ ജിദ്ദയിലെ പ്രബുദ്ധ മലയാളി സദസ്സിനു മുമ്പാകെ നര്‍മം കലര്‍ന്ന മലയാളത്തിലുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയിരുന്നു.
മക്കയിലെ ഖുതുബി കുടുംബത്തില്‍ പെട്ടവരാണ് ഇദ്ദേഹത്തിന്റെ ഭാര്യ. പ്രമുഖ നട്ട്‌സ് ആന്റ് ബോള്‍ട്ട്‌സ് ഡീലേഴ്‌സ് ആയ ഖുതുബി കുടുംബത്തോടൊപ്പം ടൂള്‍സ് ആൻഡ് മെഷിനറി മൊത്തക്കച്ചവടത്തിലാണ് ശൈഖ് മുഹമ്മദ് സഈദ് മലൈബാരിയുടെ മൊസാകോ കമ്പനി പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോ. ഗസ്സാന്‍ അടക്കം ഇദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

