സൗദിയുടെ വ്യവസായിക ഉൽപാദനം രണ്ടു ശതമാനം വർധിച്ചു
text_fieldsസൗദി വ്യവസായ മേഖലയിലെ ഒരു ഫാക്ടറി (പ്രതീകാത്മക ചിത്രം)
യാംബു: സൗദി അറേബ്യയുടെ വ്യവസായിക ഉൽപാദന സൂചികയിൽ പ്രകടമായ വളർച്ച റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഇക്കഴിഞ്ഞ മാർച്ച് മാസത്തെ വ്യവസായിക ഉൽപാദന സൂചിക ഫലങ്ങളിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് പൊതു സൂചികയിൽ രണ്ടു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ഉൽപാദന മേഖലയിലെ വാർഷിക വളർച്ച 5.1 ശതമാനമാണ്. ജലവിതരണം, ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ ഗണ്യമായ വളർച്ച ചൂണ്ടിക്കാണിക്കുന്നു. ഈ മേഖലകളിലെ 15 ശതമാനം വളർച്ച പ്രധാന നേട്ടമായി വിലയിരുത്തുന്നു. അതേസമയം, ഖനന, ക്വാറി മേഖലയിലെ വളർച്ചാ സൂചിക രണ്ടു ശതമാനം കുറയുകയാണുണ്ടായത്. വൈദ്യുതി, ഗ്യാസ്, എയർ കണ്ടീഷനിങ് വിതരണ മേഖല എന്നിവ വാർഷികാടിസ്ഥാനത്തിൽ ഒമ്പതു ശതമാനം കുറവ് നേരിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എണ്ണയുമായി ബന്ധപ്പെട്ട പ്രവർത്തനമേഖലയിൽ നേരിയ വളർച്ചയാണ് കൈവരിച്ചത്. വളർച്ച സൂചിക അഞ്ചു ശതമാനമാണ്. അതേസമയം എണ്ണയിതര വ്യവസായിക പ്രവർത്തനങ്ങൾ 2024 മാർച്ചിനെ അപേക്ഷിച്ച് 5.6 ശതമാനം വർധന രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ തുടർച്ചയായ വൈവിധ്യവൽക്കരണ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.
പ്രധാന മേഖലകളിലുടനീളമുള്ള ഉൽപാദനത്തിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രതിമാസ അടിസ്ഥാനത്തിൽ വ്യവസായിക ഉൽപാദന സൂചിക പുറത്തിറക്കാറുണ്ട്. ഖനനം, ക്വാറി, നിർമാണം, യൂട്ടിലിറ്റികൾ, മാലിന്യ സംസ്കരണം എന്നിവയുൾപ്പെടെ വ്യവസായിക മേഖലയിലെ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക പുറത്തിറക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

