അബ്ഹയിൽ നാടണയാൻ നാല് ഇന്ത്യന്‍ സ്ത്രീകളുടെ കാത്തിരിപ്പ്
text_fieldsഅബ്ഹ: സ്വകാര്യ ക്ലീനിംഗ് കമ്പനിയില്‍ ജോലിക്കെത്തി കരാര്‍ കാലാവധി കഴിഞ്ഞിട്ടും യാത്രാരേഖകള്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്ന മൂന്ന്‍ ഇന്ത്യന്‍ തൊഴിലാളികളും, ജോലി സ്ഥലത്തെ പീഡനങ്ങള്‍ കാരണം അബ്ഹ അഭയ കേന്ദ്രത്തില്‍ എത്തിയ തമിഴ്നാട് സ്വദേശിയും നാട്ടില്‍ പോകുന്നതിനായി അധികൃതരുടെ സഹായം തേടുന്നു.കാലാവധി പൂര്‍ത്തിയായിട്ടും ഒന്നര വര്‍ഷത്തോളമായി യാത്രാനുമതി കാത്തിരിക്കുന്ന തമിഴ്നാട് കള്ളിക്കുറിച്ചി സ്വദേശി അംബിക ചിന്ന സ്വാമി, ആറു മാസമായി കാത്തിരിപ്പ് തുടരുന്ന കോട്ടയം സ്വദേശി സുമ കേശവന്‍, കോഴിക്കോട് സ്വദേശി ശാരദ കൃഷ്ണന്‍ എന്നിവരാണ് അബ്ഹയിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്.
കരാര്‍ കാലാവധി കഴിഞ്ഞ ശേഷം ജോലിയോ ശമ്പളമോ ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. ലേബര്‍ ക്യാമ്പും അബഹ അഭയ കേന്ദ്രവും സന്ദര്‍ശിച്ച കെ.എം.സി.സി ലീഗല്‍ സെല്‍ വനിതാവിഭാഗം പ്രവര്‍ത്തകരോടാണ് തൊഴിലാളികള്‍ തങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരില്‍ നിന്ന് നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ലീഗല്‍ സെല്‍ വനിതാ വിഭാഗം പ്രവര്‍ത്തകരായ സബിത മെഹബൂബ്, സുഫൈജ മൊയ്തീന്‍, ഹസീന തിരൂര്‍ എന്നിവര്‍ പറഞ്ഞു. യാത്രാ സംബന്ധമായി ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമെങ്കില്‍ അക്കാര്യവും കെ.എം.സി.സി ലീഗല്‍ സെല്‍ പരിഗണിക്കും.
എട്ട് മാസം മുമ്പ് സൗദിയിലെത്തിയ തമിഴ്നാട് സ്വദേശി ചിന്നമ്മാള്‍ക്ക് മൂന്ന്‍ മാസത്തെ ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂ. മർദനമേറ്റ പാടുകള്‍ അവര്‍ വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുത്തു. അതേസമയം ചിന്നമ്മാള്‍ തെൻറ കുട്ടിയുടെ കൈകള്‍ പൊള്ളിച്ചുവെന്നും അത് സംബന്ധമായ കേസ് നിലവിലുണ്ടെന്നും തൊഴിലുടമ അറിയിച്ചതായി സന്ദർശക സംഘം പറഞ്ഞു. നാട്ടിലേക്ക് വിടണമെങ്കില്‍ വിസയുടെ നഷ്ടപരിഹാരമായി 22,000 റിയാല്‍ വേണമെന്നാണ് തൊഴിലുടമ ആവശ്യപ്പെടുന്നത്.
സ്പോൺസറുമായി സംസാരിച്ച് കാര്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംഘത്തെ നയിച്ച ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഇബ്രാഹിം പട്ടാമ്പി, കെ.എം.സി,സി ഓര്‍ഗനൈസിങ് സെക്രട്ടറി മൊയ്തീന്‍ കട്ടുപ്പാറ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
