വഖഫ് ഭേദഗതി നിയമം മൗലികാവകാശ ലംഘനവും ഭരണഘടന വിരുദ്ധവും -സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
text_fieldsസൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദയിൽ സംഘടിപ്പിച്ച വഖഫ് ഭേദഗതി പ്രതിഷേധ യോഗം
ബുറൈദ: വഖഫ് ഭേദഗതി നിയമം മൗലികാവകാശ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച യോഗം അഭിപ്രായപ്പെട്ടു. ഒരു വിശ്വാസി ദൈവപ്രീതി ഉദ്ദേശിച്ച് സമൂഹനന്മക്കായി ദൈവത്തിന് സമർപ്പിക്കുന്ന സ്വത്തുവകകൾക്കാണ് വഖഫ് എന്ന് പറയുന്നത്.
വാഖിഫ് ഏതൊരു കാര്യത്തിന് വേണ്ടിയാണോ വഖഫ് ചെയ്തിട്ടുള്ളത് അതിനുവേണ്ടി മാത്രം ഉപയോഗിക്കണം. അതിൽ വ്യക്തിപരമായോ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടിയോ വിനയോഗിക്കാൻ പാടില്ല. പ്രവാചകക്കാലം മുതൽക്കേ വഖഫ് സമ്പ്രദായം നിലവിൽ ഉണ്ടെന്നത് അവിതർക്കിതമായ വസ്തുതയാണ്. ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ അംഗങ്ങളായി ഉൾപ്പെടുത്താൻ പാടില്ലെന്നത് പോലെ ചർച്ച് കമ്മിറ്റികളിൽ ക്രിസ്ത്യാനി അല്ലാത്തവരെ അംഗങ്ങളായി പരിഗണിക്കാൻ പാടില്ലാത്തത് പോലെ, വഖഫ് ബോഡിലും അമുസ്ലിംകളായ ആളുകളെ ഉൾപ്പെടുത്തുക എന്നുള്ളത് മതമൗലികാവകാശ വിരുദ്ധവും ഭരണഘടനാലംഘനവുമാണെന്നും വിഷയം അവതരിപ്പിച്ച് സംസാരിച്ച ബുറൈദ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ അബ്ദുറഹീം ഫാറൂഖി പറഞ്ഞു.
പാർലമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി നിയമം കേവലം മുസ്ലിം പ്രശ്നം മാത്രമല്ല. ഇന്ത്യൻ ഭരണഘടനയേയും മതേതര ജനാധിപത്യത്തേയും തകർക്കുന്ന നിയമമാണ്. മത, രാഷ്ട്രീയഭേദമന്യേ നിയമപരമായും ജനാധിപത്യപരമായും ഒരുമിച്ച് പോരാടണമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അനീഷ് ചുഴലി (കെ.എം.സി.സി), റശീദ് വാഴക്കാട് (തനിമ), പ്രമോദ് കുര്യൻ (ഒ.ഐ.സി.സി),
അബ്ദു കീച്ചേരി, അഹമ്മദ് ശജ്മീർ എന്നിവർ ആവശ്യപ്പെട്ടു. ശംസുദ്ദീൻ മിന്നത്ത് ഖിറാഅത്ത് നിർവഹിച്ചു. അസ്കർ ഒതായി അധ്യക്ഷതവഹിച്ചു. റിയാസ് അസ്ഹരി സ്വാഗതവും സുൽഫീക്കർ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.