സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ 'ഉണർവ് 2022' കുടുംബസംഗമം
text_fieldsസൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം സംഘടിപ്പിച്ച കുടുംബ സംഗമം ‘ഉണർവ് 2022’ കെ.സി. ഉസൈൻ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: 'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ' എന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി സൈഹാത്തിലെ ഖസ്ർ ഖറംഫുൽ റിസോർട്ടിൽ നടന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം കുടുംബസംഗമം 'ഉണർവ് 2022' സമാപിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് വഹീദുദ്ദീൻ അധ്യക്ഷത വഹിച്ചു. ഒമാൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.സി. ഉസൈൻ ഉദ്ഘാടനം ചെയ്തു.
വിശ്വാസവിശുദ്ധിയുടെ ലക്ഷ്യവും മാർഗവും വിശ്വവിമോചനത്തിന്റെ പ്രവാചകൻ കൃത്യമായി ലോകത്തിനു മുന്നിൽ സമർപ്പിച്ചതാണെന്നും എന്നാൽ നിരീശ്വര, നിർമത പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും പുതുതലമുറയിലെ നിഷ്കളങ്ക മനസ്സുകളിൽ ദൈവനിഷേധത്തിന്റെ വിഷം കുത്തിവെക്കാൻ ആസൂത്രിത ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയിൽ ലഹരിയുടെ ഉപയോഗം വ്യാപകമാവുകയാണെന്നും അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലനിൽക്കേണ്ട സമയമാണിതെന്നും കൃത്യമായ ബോധവത്കരണത്തിലൂടെ അവരെ മുഖ്യധാരയിലേക്ക് കൈപിടിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും ജുമുഅ ഖുതുബയിൽ മുനീർ ഹാദി ഓർമിപ്പിച്ചു.
വൈവിധ്യമാര്ന്ന നിക്ഷേപങ്ങളിലൂടെ സമ്പാദ്യം ഉപകാരപ്രദമാക്കാൻ (സുരക്ഷിതമാക്കാൻ) പ്രവാസികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച 'സമ്പാദ്യവും നിക്ഷേപവും'എന്ന മുഖാമുഖം പരിപാടിക്ക് 'സിജി' ട്രെയ്നർ ഡി.വി. നൗഷാദ് നേതൃത്വം നൽകി. പ്രവാസികളിലുണ്ടാവേണ്ട സാമ്പത്തിക അച്ചടക്കത്തിന്റെയും ആസൂത്രണത്തിന്റെയും ആവശ്യകതയെപ്പറ്റി അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
രാവിലെ മുതൽ രാത്രി വരെ നീണ്ടുനിന്ന പരിപാടിയിൽ കുട്ടികളുടെ സർഗവിരുന്ന്, വനിത സംഗമം, കൗമാരക്കാരായ പെൺകുട്ടികൾക്കായി ലൈഫ് കോച്ചിങ്, സ്പോർട്സ് മീറ്റ് തുടങ്ങിയവയുമുണ്ടായിരുന്നു. ഇസ്ലാഹി സെന്റർ സെക്രട്ടറി നസ്റുല്ലാഹ് സ്വാഗതവും ജമാൽ നന്ദിയും പറഞ്ഞു.
ഉമർ മൗലവി, കൺവീനർ എം. ഷിയാസ്, എം.വി. നൗഷാദ്, മുജീബ് റഹ്മാൻ തയ്യിൽ, അൻസാർ വെള്ളാടത്ത്, ഫവാസ് ഇല്ലിക്കൽ, അഷ്റഫ് കക്കോവ്, നസീമുസ്സബാഹ്, ഷാജി കരുവാറ്റ, അശ്റഫ് കടലുണ്ടി, ഷബീർ ചിറമ്മൽ, ടി.പി. സജിൽ, പി.എച്ച്. സമീർ, എൻ.പി. സുനീർ, ബിജു ബക്കർ, സാക്കിർ ഹുസൈൻ, അജ്മൽ കൊളക്കാടൻ, എം. റഷാദ്, സൈനബ ടീച്ചർ, നസ്ല ടീച്ചർ, ജുമാന ടീച്ചർ, നിലൂഫർ, സബ്റീൻ, നസീല, നജ്ല എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

