വൈദ്യുതി രംഗത്ത് സൗദി-ഇന്ത്യ പങ്കാളിത്തം
text_fieldsറിയാദിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിയും ഇന്ത്യൻ നാഷനൽ തെർമൽ പവർ കോർപറേഷനും ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
റിയാദ്: വൈദ്യുത മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനും സാങ്കേതിക വൈദഗ്ദ്ധ്യം കൈമാറുന്നതിനുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി (എസ്.ഇ.സി) ഇന്ത്യയുടെ നാഷനൽ തെർമൽ പവർ കോഓപറേഷൻ (എൻ.ടി.പി.സി)യുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. റിയാദിലെ ഊർജ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ സൗദി വൈദ്യുതികാര്യ സഹമന്ത്രി എൻജിനീയർ നാസർ അൽഖഹ്താനി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, സൗദി ഇലക്ട്രിസിറ്റി കമ്പനി സി.ഇ.ഒ എൻജിനീയർ ഖാലിദ് അൽഗാംദി, എൻ.ടി.പി.സി ബോർഡ് അംഗം ജയ്കുമാർ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
ആധുനിക ഊർജ സാങ്കേതികവിദ്യകളുടെ മേഖലയിലെ ഗവേഷണ വികസനത്തിലെ സംയുക്ത സഹകരണത്തിനുപുറമെ പവർ പ്ലാന്റ് പ്രവർത്തനം, പരിപാലനം, ആധുനികവത്കരണം, വികസന പ്രവർത്തനങ്ങൾ, സംഭരണം, എൻജിനീയറിങ് സേവനങ്ങൾ, പ്രോജക്ട് മാനേജ്മെന്റ് എന്നീ മേഖലകളിലെ സഹകരണം വ്യവസ്ഥ ചെയ്യുന്നതാണ് ധാരണപത്രം. മിഡിൽ ഈസ്റ്റിൽ പവർ പ്ലാന്റ് സേവനങ്ങൾ നൽകുന്നതിനായി സംയുക്ത സംരംഭം സ്ഥാപിക്കൽ, സ്പെഷലിസ്റ്റുകൾക്കിടയിൽ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യൽ, പുതിയ വൈദ്യുതി പദ്ധതികളിൽ നിക്ഷേപം എന്നിവയും ഉൾപ്പെടുന്നു. സൗദി ഇലക്ട്രിസിറ്റിയുടെ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള അനുഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തെ വൈദ്യുതി മേഖലയുടെ വികസനത്തിന് പിന്തുണ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ വൈദ്യുതി ഉൽപാദകനും ട്രാൻസ്മിറ്ററും വിതരണക്കാരനും സൗദിയുടെ വൈദ്യുതിയുടെ പ്രാഥമിക ഉറവിടവുമാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി. അതിന്റെ വരിക്കാരുടെ എണ്ണം 11 ദശലക്ഷം കവിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സർക്കാർ കമ്പനികളിൽ ഒന്നാണ് എൻ.ടി.പി.സി. അതിന്റെ ഉൽപാദന ശേഷി ഏകദേശം 77000 മെഗാവാട്ട് വരെ എത്തുന്നു. ഇത് വിവിധ സ്രോതസ്സുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

