സൗദി-ഇന്ത്യ ചലച്ചിത്ര സൗഹൃദം: ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച 'ഇന്ത്യ നൈറ്റ്' ശ്രദ്ധേയമായി
text_fieldsഇന്ത്യൻ കോൺസുലേറ്റ് ജിദ്ദയിൽ സംഘടിപ്പിച്ച 'ഇന്ത്യ നൈറ്റ്' പരിപാടിയിൽ സംവിധായകൻ മുസഫർ അലി ഖാന്റെ 'ഉംറാവോ ജാൻ' എന്ന ചിത്രത്തെക്കുറിച്ചുള്ള കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തപ്പോൾ
ചടങ്ങിലെത്തിയ യുവ ബോളിവുഡ് താരം കാർത്തിക് ആര്യനെ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സ്വീകരിക്കുന്നു
ജിദ്ദ: റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമയുടെ വളർച്ചയും സൗദി അറേബ്യയുമായുള്ള പങ്കാളിത്തവും ആഘോഷിച്ച് ജിദ്ദയിൽ 'ഇന്ത്യ നൈറ്റ്' സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു. ഇന്ത്യൻ ചലച്ചിത്ര ലോകവും സൗദി അറേബ്യയും തമ്മിലുള്ള സവിശേഷമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു 'ഇന്ത്യ നൈറ്റി'ന്റെ പ്രധാന ലക്ഷ്യം.
ഗായിക ഷിബാനി കശ്യപ് ഗാനം ആലപിക്കുന്നു
സിനിമ വെറുമൊരു വിനോദോപാധി എന്നതിലുപരി, ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് സംസ്കാരങ്ങളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള ശക്തമായ മാധ്യമമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സിനിമാ സൗഹൃദം സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ചലച്ചിത്ര നിർമ്മാണ രംഗത്തും കലാപരമായ കൈമാറ്റത്തിനുമുള്ള വികസിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങൾ അംബാസഡർ അടിവരയിട്ടു.
ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ബോളിവുഡ് സിനിമ സംവിധായകൻ മുസഫർ അലി ഖാൻ എന്നിവരും സംസാരിച്ചു. സംസ്കാരങ്ങൾ കൈമാറ്റം ചെയ്യുന്നതിലും ഇരു രാജ്യങ്ങൾക്കുമിടയിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സിനിമയ്ക്കുള്ള ശക്തമായ പങ്കിനെയും ഈ രംഗത്ത് സൃഷ്ടിപരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങളും ഇരുവരും എടുത്തുപറഞ്ഞു. മുസഫർ അലി ഖാന്റെ 'ഉംറാവോ ജാൻ' എന്ന ചിത്രത്തെക്കുറിച്ചുള്ള കോഫി ടേബിൾ ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ അംബാസഡർ, കോൺസൽ ജനറൽ, ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാൻ, കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രുതി സിംഗ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ഹിന്ദി ഗായിക ഷിബാനി കശ്യപ്, ഗായകൻ അമാൻ സാബ്രി എന്നിവരുടെ ആകർഷകമായ സംഗീത പ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമായി. ബോളിവുഡിൽ നിന്നുള്ള ക്ലാസിക് ഗാനങ്ങളും ആധുനിക സംഗീതവും കോർത്തിണക്കിയ ഇവരുടെ പ്രകടനം സദസ്സിനെ ആവേശത്തിലാക്കി. യുവ ബോളിവുഡ് താരം കാർത്തിക് ആര്യൻ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ, റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യൻ കലയുടെ മികവ് പ്രദർശിപ്പിക്കാനും സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും 'ഇന്ത്യ നൈറ്റ്' വിശിഷ്ട വേദിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

