Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-ഇന്ത്യ...

സൗദി-ഇന്ത്യ സാംസ്‌കാരിക സൗഹൃദത്തിന്റെ വിളംബരമായി ജി.ജി.ഐ ‘സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ-2’ വെള്ളിയാഴ്ച

text_fields
bookmark_border
സൗദി-ഇന്ത്യ സാംസ്‌കാരിക സൗഹൃദത്തിന്റെ വിളംബരമായി ജി.ജി.ഐ ‘സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ-2’ വെള്ളിയാഴ്ച
cancel

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിക്കുന്ന ‘സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ-2’ ജനുവരി 16 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ അൽ റിഹാബിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയാണ് സാംസ്‌കാരികോത്സവം അരങ്ങേറുക. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കുടിയേറ്റ പാതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻഡോ-ഗൾഫ് ഇടനാഴിയുടെ സ്പന്ദനങ്ങളും പ്രവാസ ചരിത്രത്തിലെ പ്രോജ്വലമായ സാംസ്‌കാരിക ഏടുകളും അനാവരണം ചെയ്യുന്നതാകും ആഘോഷ പരിപാടികൾ.

ഗൾഫിലേക്കുള്ള അരനൂറ്റാണ്ടുകാലത്തെ ഇന്ത്യൻ കുടിയേറ്റത്തെ അടയാളപ്പെടുത്തുന്നതിനായി ‘അര നൂറ്റാണ്ടത്തെ കുടിയേറ്റ ഇടനാഴി’ എന്ന സവിശേഷമായ ശീർഷകത്തിലാണ് ഇത്തവണ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഇന്ത്യ-അറബ് സൗഹൃദവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും സാംസ്‌കാരിക വിനിമയവും ഈ വേദിയിലൂടെ കൂടുതൽ കരുത്താർജ്ജിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പറഞ്ഞു. ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. കൂടാതെ ഇന്ത്യൻ കോൺസൽമാരും സൗദി-ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിക്കും.

കലാരംഗത്തെ അതികായന്മാരും വളർന്നുവരുന്ന പ്രതിഭകളും ഒരുമിക്കുന്ന അപൂർവ സംഗമത്തിനാണ് ജിദ്ദ സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിഖ്യാത സൗദി ഫോക് അക്കാദമിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന അൽഖുത്‌വ, അൽഖുബൈതി, അൽമിസ്മാർ, അൽജിസാനി, അൽബഹ്‌രി തുടങ്ങിയ പരമ്പരാഗത സൗദി നാടോടി നൃത്തങ്ങൾ കാണികൾക്ക് നവ്യാനുഭവമാകും. ഇവർക്കൊപ്പം ഇന്ത്യൻ കൗമാര കലാപ്രതിഭകളും വേദിയിലെത്തും.

സൗദി-ഇന്ത്യൻ സംഗീത, നൃത്തശിൽപം, പഞ്ചാബി, ഗുജറാത്തി നൃത്തങ്ങൾ, കഥക്, ഒഡിസി, ഭരതനാട്യം, ഒപ്പന, ഫ്യൂഷൻ ഒപ്പന, സൂഫി ഡാൻസ് എന്നിങ്ങനെ ഒരു ഡസനോളം വൈവിധ്യമാർന്ന പ്രകടനങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ഗായകർ നയിക്കുന്ന സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കുമെന്ന് ലേഡീസ് വിങ് കൺവീനറും കൊറിയോഗ്രഫറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങൽ അറിയിച്ചു.

ജി.ജി.ഐ പ്രസിഡന്റ് ഹസൻ ചെറൂപ്പയുടെ അധ്യക്ഷതയിൽ ചേർന്ന തയാറെടുപ്പ് അവലോകന യോഗത്തിൽ ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ചീഫ് കോഓഡിനേറ്റർമാരായ കബീർ കൊണ്ടോട്ടി, അബു കട്ടുപ്പാറ, മാധ്യമ പ്രതിനിധി ഇബ്രാഹിം ശംനാട്, സാങ്കേതിക വിഭാഗം പ്രതിനിധി ഫൈറൂസ് കൊണ്ടോട്ടി എന്നിവർ സംബന്ധിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് തീർത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsGoodwill Global InitiativeSaudi Indian ConsulateSaudi India Festival
News Summary - Saudi India Festival Season 2
Next Story