മരങ്ങൾ കാർപോർച്ചായി ഉപയോഗിക്കുന്നതിനെ പ്രശംസിച്ച് സൗദി ഭവന മന്ത്രി
text_fieldsമരങ്ങൾക്കുതാഴെ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ
റിയാദ്: കാറുകൾക്ക് സ്വാഭാവിക തണൽ നൽകുന്നതിനായി താമസ പരിസരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി നിരവധി സൗദി പൗരന്മാർ ആരംഭിച്ച കമ്യൂണിറ്റി സംരംഭത്തെ മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ പ്രശംസിച്ചു. നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വർധിച്ചുവരുന്ന പാരിസ്ഥിതിക അവബോധത്തെയും താൽപ്പര്യത്തെയും ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരങ്ങൾ അലങ്കാരമെന്ന നിലയിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് തണലിനെയും ജീവിതത്തെയും പ്രതിനിധീകരിക്കുന്നു. കൂടാതെ വ്യക്തികൾക്കും അവരുടെ സ്വത്തിനും കൂടുതൽ സുഖകരമായ അന്തരീക്ഷവും സംരക്ഷണവും നൽകിക്കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് വർധിച്ചുവരുന്ന താപനിലയുടെ വെളിച്ചത്തിൽ എന്ന് അൽ ഹുഖൈൽ പറഞ്ഞു.
കാറുകൾക്ക് തണൽ നൽകാൻ മരങ്ങൾ ഉപയോഗിക്കുന്നത് ലളിതവും മികച്ചതുമായ ഒരു പരിഹാരമാണ്. ഇത് സൗദി ജനത തങ്ങളുടെ നഗരങ്ങളെ സുസ്ഥിരമായി മെച്ചപ്പെടുത്തുന്നതിൽ കാണിക്കുന്ന നൂതന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പരിസ്ഥിതി, പൊതുജനാരോഗ്യം, ചൂടിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളിൽനിന്ന് സ്വത്തുക്കളുടെ സംരക്ഷണം എന്നിവയിൽ ഇവ ചെലുത്തുന്ന ഗുണപരമായ സ്വാധീനം കണക്കിലെടുത്ത് മന്ത്രാലയം ഈ സാമൂഹിക ശ്രമങ്ങളെ പിന്തുണക്കുകയും നഗര വനവത്ക്കരണ പദ്ധതികളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. കാറുകൾക്ക് തണൽ നൽകാൻ അനുയോജ്യമായ ഒരു കൂട്ടം വൃക്ഷ ഇനങ്ങളെ റിയാദ് മുനിസിപ്പാലിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. വേപ്പ്, അത്തി, ബദാം, കടച്ചക്ക എന്നീ മരങ്ങൾ ഉൾപ്പെടുന്നു. റിയാദിലെ ചൂടുള്ള അന്തരീക്ഷത്തിൽ തണൽ നൽകാനും കാലാവസ്ഥയെ ചെറുത്തുനിൽക്കാനുമുള്ള കഴിവ് ഈ മരങ്ങൾക്കുണ്ട്.
രാജ്യത്തുടനീളമുള്ള നിരവധി ഡിസ്ട്രിക്റ്റുകളിൽ എല്ലാ പ്രായത്തിലുമുള്ള താമസക്കാരുടെ പങ്കാളിത്തത്തോടെ നടപ്പാതകളിൽ മരങ്ങൾ നടുന്നതിനും പാർക്കിങ് ഏരിയകൾക്ക് തണൽ നൽകുന്നതിനുമുള്ള സന്നദ്ധസേവന പ്രചാരണങ്ങൾ അടുത്തിടെ നടന്നിട്ടുണ്ട്. ഈ സംരംഭം സമൂഹത്തിന്റെ ഐക്യത്തെയും കൂടുതൽ ഹരിതാഭവും സുസ്ഥിരവുമായ നഗര പരിസ്ഥിതിക്കായുള്ള ആഗ്രഹത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

