Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'മസ്മക് കൊട്ടാര'...

'മസ്മക് കൊട്ടാര' ചുവരിൽ സൗദി ചരിത്രമെഴുതി ലൈറ്റ് ആൻഡ് സൗണ്ട് ഷോ

text_fields
bookmark_border
മസ്മക് കൊട്ടാര ചുവരിൽ സൗദി ചരിത്രമെഴുതി ലൈറ്റ് ആൻഡ് സൗണ്ട് ഷോ
cancel
camera_alt

‘മസ്മക് കൊട്ടാര’ ചുവരിൽ സൗദിയുടെ ചരിത്രം തെളിയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ഷോ

റിയാദ്: ഏകീകൃത രാഷ്ട്രമെന്ന പദവിയിലേക്കുള്ള പ്രയാണത്തിനായി സൗദി അറേബ്യ ആദ്യ ചുവടൂന്നിയ 'മസ്മക് കൊട്ടാര'ത്തിന്റെ ചുവരുകളിൽ ഇപ്പോൾ തെളിയുന്നത് ആ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും ചരിത്രം. രാജ്യത്തിന്റെ 92-ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യതലസ്ഥാനത്തെ ബത്ഹക്ക് സമീപം ദീറയിലുള്ള ചരിത്രശേഷിപ്പായ മസ്മക് കൊട്ടരത്തിന്റെ ചുവരിൽ സൗദി മ്യൂസിയംസ് കമീഷൻ ശബ്ദവും വെളിച്ചവും കൊണ്ട് ദൃശ്യ വിസ്മയമൊരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും കാഴ്ചകളാക്കി ഒരു ചലച്ചിത്രം പോലെ അവതരിപ്പിക്കുന്നു. കൊട്ടാരത്തിന്റെ മുൻവശത്തെയും രണ്ട് ഗോപുരങ്ങളുടെയും ചുവരുകളിൽ അതിവിശാലമായാണ് ചലച്ചിത്രം പോലെ ദൃശ്യങ്ങൾ തെളിയുന്നത്. അശരീരിയായി വിവരണവും.

വ്യാഴാഴ്ച തുടക്കമായ ഷോ കാണാൻ കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി ആളുകളാണ് മസ്മക്കിന്റെ അങ്കണത്തിൽ വൈകീട്ട് എത്തിയത്. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ ആളുകളെത്തും. വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയാണ് ഷോ. പ്രവേശനം പൂർണമായും സൗജന്യമാണ്. ആധുനിക സാങ്കേതികവിദ്യയുടെ മികവോടെ വിസ്മയം സൃഷ്‌ടിച്ച് ഭരണാധികാരികളുടെ ചിത്രങ്ങൾ തെളിയുമ്പോൾ സദസ്സിൽനിന്നും അഭ്യവാദ്യങ്ങളായി കവിതയും പ്രാർഥനയും ആശംസകളും ഒഴുകുന്നുണ്ടായിരുന്നു. ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ സൗദി അറേബ്യയായി ഏകീകരിക്കാനുള്ള അബ്ദുൽ അസീസ് രാജാവിന്റെ ആലോചനയും കർമപദ്ധതികൾ തയാറാക്കലും നടന്ന ചരിത്രപ്രധാനമായ കോട്ടയാണ് മസ്മക്. രാഷ്ട്ര തലവന്മാരെയും നാട്ടുപ്രമാണിമാരെയും സ്വീകരിച്ച മജ്‌ലിസും മസ്മക്കിനകത്താണുള്ളത്.

ഇന്നും അതിഥികളായെത്തുന്ന രാഷ്ട്ര തലവന്മാർ, നയതന്ത്ര പ്രതിനിധികൾ, പത്രപ്രവർത്തകർ, ചരിത്രാന്വേഷികൾ, വിനോദ സഞ്ചാരികൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ കൊട്ടാരം കാണാനെത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്കൂളുകൾ, യൂനിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽനിന്ന് വിദ്യാർഥികൾ പഠനയാത്രയായി മസ്മകിലെത്താറുണ്ട്. സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റ കാലം മുതലുള്ള പാത്രങ്ങൾ, ആയുധങ്ങൾ, കലാനിർമിതികൾ, ലോഹത്തിലും മണ്ണിലും നിർമിച്ച പാത്രങ്ങൾ, വസ്ത്രം, ഫർണീച്ചറുകൾ തുടങ്ങി മസ്മക് ഇന്ന് ചരിത്ര സൂക്ഷിപ്പിന്റെ കോട്ടകൂടിയാണ്.

പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ബത്ഹയിൽനിന്ന് നടന്നെത്തുന്ന ദൂരത്താണ് മസ്മക് കൊട്ടാരമുള്ളത്. അതുകൊണ്ട് തന്നെ പണച്ചെലവില്ലാതെ ദേശീയദിനം ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്. സന്ദർശക വിസയിൽ സൗദിയിലെത്തിയ നൂറുകണക്കിന് കുടുംബങ്ങളുണ്ട്. അവർക്ക് രാജ്യത്തെ അറിയാനും ചരിത്രം പഠിക്കാനും പരിപാടികൾ സഹായകരമാകും. ദേശീയദിനം വാരാന്ത്യത്തിലായതിനാൽ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഇത് പരമാവധി രാജ്യത്തിനകത്തെ വിനോദപരിപാടികളിൽ പങ്കെടുത്ത് ആഘോഷിക്കാനാണ്. സ്വദേശികളും വിദേശികളും ഒരുങ്ങിയിരിക്കുന്നത്. കടുത്ത ചൂടിൽനിന്ന് കാലാവസ്ഥ മാറ്റമുണ്ടായി രാത്രി സമയങ്ങളിൽ ചൂട് ഗണ്യമായി കുറഞ്ഞത് വിനോദപരിപാടികൾക്ക് അനുകൂല സാഹചര്യമാണ്.

Show Full Article
TAGS:Al Masmak Fortress masmak palace Saudi history Saudi Arabia 
News Summary - Saudi history on the wall of Al Masmak Fortress
Next Story