You are here
അമേരിക്കൻ സൈന്യത്തിന് താവളം അൽഖർജിൽ
യു.എസ് സേനാ മേധാവി സ്ഥലം സന്ദർശിച്ചു •ചെങ്കടലില്‍ കപ്പലുകള്‍ക്ക് സുരക്ഷ അകമ്പടി പോകുന്ന സഖ്യത്തില്‍ സൗദിയും ഭാഗമാകും
റിയാദ്: അമേരിക്കൻ സൈന്യത്തിന് സൗദിയിൽ താവളമൊരുങ്ങുന്നത് റിയാദിൽനിന്ന് 70 കിലോമീറ്റർ അകലെ അൽ ഖർജിൽ. ഇവിടെ യു.എസ് സൈന്യത്തിന് താവളമൊരുക്കാനുള്ള നടപടികൾ തുടങ്ങി.യു.എസ് സെന്‍ട്രല്‍ കമാൻഡ് ചീഫ് കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് സൗദിയിലേക്ക് വീണ്ടും യു.എസ് സൈന്യത്തിന് താവളമൊരുങ്ങുന്നത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് സുരക്ഷ അകമ്പടി പോകുന്ന സഖ്യത്തില്‍ സൗദിയും ഭാഗമാകുമെന്ന് സൈനിക കമാൻഡര്‍ ജനറല്‍ ഫഹദ് ബിന്‍ തുര്‍ക്കി അറിയിച്ചു. ഹോര്‍മുസ് മേഖലയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സൗദിയും അകമ്പടി നല്‍കും.
സൗദിയില്‍ അന്താരാഷ്ട്ര നാവിക സഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇതിന് സൗദി അറേബ്യ പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ നീക്കത്തിന് മുന്നോടിയായാണ് അമേരിക്കന്‍ സൈന്യത്തിെൻറ സൗദിയിലേക്കുള്ള വരവ്. ഇറാഖ് യുദ്ധകാലത്ത് സൗദിയിലെത്തിയ അമേരിക്കന്‍ സൈന്യത്തിെൻറ മടങ്ങിപ്പോക്ക് 2003 ലായിരുന്നു. അല്‍ ഖര്‍ജിലെ സൗദിയുടെ സൈനിക താവളത്തിൽ അടുത്തയാഴ്ച കൂടുതല്‍ ഉദ്യോഗസ്ഥരെത്തും. റിയാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലായിരുന്നു ഇറാഖ് അധിനിവേശകാലത്ത് അമേരിക്കൻ സൈന്യത്തിെൻറ താവളം.
പിന്നീട് അമേരിക്കന്‍ സൈന്യം ഖത്തറിലേക്ക് മാറി. മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനാണ് അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കാൻ നടപടി സ്വീകരിച്ചതെന്ന് കഴിഞ്ഞദിവസം സൗദി വ്യക്തമാക്കി. നിലവില്‍ യമനിലെ സൈനിക നീക്കങ്ങള്‍ക്ക് സൗദി അറേബ്യയെ അമേരിക്കന്‍ സൈന്യം സഹായിക്കുന്നുണ്ട്. എന്നാല്‍, പ്രത്യേക സൈനിക താവളമില്ല.