സൗദി മണ്ണിൽ ഇറാഖിനെ മലർത്തിയടിച്ച് അർജൻറീന
text_fieldsറിയാദ്: ഇറാഖുമായി വ്യാഴാഴ്ച രാത്രി റിയാദിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ അർജൻറീനക്ക് ഏകപക്ഷീയ വിജയം. മലസ് അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച സൗഹൃദ പോരിൽ താരതമ്യേന ദുർബലരായ ഇറാഖിെൻറ വലക്കുള്ളിലേക്ക് നാല് തവണയാണ് നീലപ്പട നിറയൊഴിച്ചത്. ഒറ്റൊന്നിന് പോലും മറുപടി കൊടുക്കാൻ ഇറാഖിനായില്ല.
ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിന് ശേഷം താൽക്കാലിക ചുമതല ഏൽപ്പിക്കപ്പെട്ട അർജൻറീനക്കാരനായ പുതിയ കോച്ച് ലയണൽ സ്‌കോളനിക്ക് കീഴിൽ തോൽവി അറിയാതെ മുന്നേറുന്ന അർജൻറീനിയൻ ടീമിന് ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു ഇൗ വിജയം. ഡിബാല, റൊമേരോ എന്നീ സൂപർ സ്റ്റാറുകളെ മാറ്റി നിർത്തിയാൽ തീർത്തും പുതുമുഖങ്ങൾക്ക് അവസരം നൽകിയായിരുന്നു അർജൻറീനയുടെ പ്രകടനം.
കളികാണാനെത്തിയ 19,000 ഒാളം കളിപ്രേമികളിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. കുടുംബസമേതമാണ് പലരുമെത്തിയത്. മലയാളി കുടുംബിനികളും കുട്ടികളും ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഗാലറിയിൽ നിരന്നു. ഫുട്ബാൾ സ്റ്റേഡിയങ്ങളിലെ ഗാലറികളിൽ സ്ത്രീകൾക്ക് സൗദി അറേബ്യ പ്രവേശനാനുമതി നൽകിയത് അടുത്തിടെയാണ്.
നാട്ടിലെ സ്റ്റേഡിയത്തിൽ കളികാണുന്ന പ്രതീതി സൃഷ്ടിക്കാൻ മലയാളികളുടെ കൊട്ടുംപാട്ടുമായുള്ള ആരവത്തിനായി. ലോക ഫുട്ബാൾ റാങ്കിങ്ങിൽ 89ാം സ്‌ഥാനത്തുള്ള ഇറാഖും 11ാം സ്‌ഥാനത്തുള്ള അർജൻറീനയും തമ്മിലുള്ള പോരാട്ടത്തിൽ കാണികളും മറ്റൊരു ഫലം പ്രതീക്ഷിച്ചില്ല. എന്നാൽ പോലും ആസ്വാദ്യകരമായിരുന്നു കളിയെന്ന് മലയാളികൾ പ്രതികരിച്ചു.
അർജൻറീനിയൻ പ്രതിരോധ നിരയുടെ മുനയൊടിക്കാൻ ഇറാഖികൾക്ക് ഒരിക്കൽ പോലും സാധിച്ചില്ല. മറുവശത്ത് ഇൻറർ മിലാന് വേണ്ടി ബൂട്ടണിയുന്ന ലുട്ടറോ മാർടിെനസും മാക്സിമിലിനോ മെസയും കൂടെ ഡിബാലയും ചേർന്ന് നല്ല മുന്നേറ്റങ്ങളാണ് തുടക്കം മുതലേ നടത്തിയത്. 18ാമത്തെ മിനുട്ടിൽ തെൻറ രണ്ടാമത്തെ രാജ്യാന്തര മത്സരം കളിച്ച 21കാരനായ മാർട്ടിനെസ് മനോഹരമായ ഹെഡർ ഗോളിലൂടെ അർജൻറീനയുടെ ഗോൾ പട്ടിക തുറന്നു.
രണ്ടാം പകുതി ഗോൾ മയമായിരുന്നു. പകരക്കാരനായി ഇറങ്ങിയ റോബർട്ടോ പെരേരയും ഇറ്റാലിയൻ ലീഗിൽ േഫ്ലാറൻറീനയുടെ പ്രതിരോധം കാക്കുന്ന ജർമ പെസല്ലയും നേടിയ ഗോളുകളിലൂടെ ലീഡ് മൂന്നായി ഉയർന്നു.
മത്സരത്തിലെ ഹൈലൈറ്റ് പകരക്കാരനായി ഇറങ്ങിയ ഫ്രാങ്കോ സെർവി എന്ന ബെനെഫിക്കൻ വിങ്ങറുടെ അതി മനോഹരമായ ട്രിബ്ലിങ് ഗോളായിരുന്നു. മൂന്നു ഇറാഖി പ്രതിരോധനിരക്കാരെ തെൻറ അതിവേഗതയിലൂടെ മറികടന്ന് പോസ്റ്റിെൻറ വലത് മൂലയിലേക്ക് നിറയൊഴിച്ചപ്പോൾ മെസ്സിയുടെ അഭാവം പരിഹരിക്കുന്നതായി മാറി. സെർവിയിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാൻ വക നൽകുന്ന ഗോളായിരുന്നു അത്. ബ്രസീലിനെതിരെ ചൊവ്വാഴ്ച ജിദ്ദയിൽ നടക്കുന്ന മത്സരത്തിൽ അർജൻറീനിയൻ യുവനിരയുടെ പ്രകടനത്തിനായി ഫുട്ബാൾ ലോകം കാത്തിരിക്കുന്നു.
തയാറാക്കിയത്:
ഉസാമ കളത്തിങ്ങൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
