സൗദി ഭരണതലത്തിൽ വൻ അഴിച്ചുപണി; നിക്ഷേപ മന്ത്രിയും അറ്റോർണി ജനറലും മാറി
text_fieldsസൗദി ഭരണാധികാരി സൽമാൻ രാജാവ്
റിയാദ്: സൗദി അറേബ്യയിൽ ഭരണ-നയതന്ത്ര രംഗങ്ങളിൽ നിർണായക അഴിച്ചുപണി നടത്തി സൽമാൻ രാജാവ് ഉത്തരവിട്ടു. നിക്ഷേപ മന്ത്രി, അറ്റോർണി ജനറൽ എന്നിവരുൾപ്പെടെ മന്ത്രിസഭയിലെ പ്രമുഖരെയും വിവിധ പ്രവിശ്യകളിലെ ഗവർണർമാർ, ഡെപ്യൂട്ടി ഗവർണർമാർ, സൈനിക-സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെയും മാറ്റിയാണ് പുതിയ നിയമനങ്ങൾ നടത്തിയത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം നിക്ഷേപ മന്ത്രാലയത്തിലാണ്.നിക്ഷേപ മന്ത്രിയായിരുന്ന ഖാലിദ് അൽഫാലിഹിനെ സ്ഥാനത്തുനിന്ന് നീക്കി സഹമന്ത്രിയായും മന്ത്രിമാരുടെ കൗൺസിൽ അംഗമായും നിയമിച്ചു. ഫഹദ് ബിൻ അബ്ദുൽ ജലീൽ ബിൻ അലി അൽ-സെയ്ഫാണ് പുതിയ നിക്ഷേപ മന്ത്രി.അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് ശൈഖ് സഊദ് ബിൻ അബ്ദുല്ല അൽമുഅ്ജബിനെ മാറ്റി റോയൽ കോടതി ഉപദേഷ്ടാവായി നിയമിച്ചു.
നിലവിൽ പരാതി പരിഹാര ബോർഡ് (ദിവാനുൽ മദാലിം) പ്രസിഡന്റായിരുന്ന ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ നാസറാണ് പുതിയ അറ്റോർണി ജനറൽ. ശൈഖ് ഡോ. അലി ബിൻ അഹമ്മദ് അൽഅഹദീബിനെ പരാതി പരിഹാര ബോർഡിന്റെ പുതിയ പ്രസിഡൻറായും നിശ്ചയിച്ചു.ഗവർണർമാരുടെ പദവികളിലും വലിയ മാറ്റങ്ങളുണ്ട്. ത്വാഇഫ് ഗവർണറായിരുന്ന അമീർ സഊദ് ബിൻ നഹാർ ബിൻ സഊദിനെ മദീന ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. പകരം അമീർ ഫവാസ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ആലു സഊദ് ത്വാഇഫ് ഗവർണറാകും.
ദറഇയ ഗവർണറായി അമീർ റാക്കാൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ മന്ത്രി പദവിയോടെ നിയമിച്ചു. ദറഇയ ഗവർണറായിരുന്ന അമീർ ഫഹദ് ബിൻ സഊദ് ബിൻ അബ്ദുല്ലയെ അൽ ബാഹ മേഖലയുടെ ഡെപ്യൂട്ടി ഗവർണറായി മാറ്റി നിയമിച്ചു.അമീർ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസാണ് വടക്കൻ അതിർത്തി മേഖലയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ.ടൂറിസം മേഖലയിലും മാറ്റങ്ങൾ പ്രകടമാണ്.
ടൂറിസം ഡെപ്യൂട്ടി മന്ത്രിയായിരുന്ന അമീറ ഹൈഫ ബിൻത് മുഹമ്മദ് ബിൻ സഊദിനെ മന്ത്രിസഭ ജനറൽ സെക്രട്ടേറിയറ്റിെൻറ ഉപദേഷ്ടാവായി നിയമിച്ചു. അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽമസീദാണ് പുതിയ ടൂറിസം ഡെപ്യൂട്ടി മന്ത്രി. രാജ്യത്തെ സിവിൽ, സൈനിക, സുരക്ഷ ഏജൻസികളിലും പുനഃക്രമീകരണങ്ങൾ വരുത്തിക്കൊണ്ടാണ് രാജകൽപന പുറത്തിറങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

