സൗദി-ഫ്രാൻസ് സംയുക്ത സംരംഭം; എയർബസുമായി ചേർന്ന് ഹെലികോപ്ടർ നിർമിക്കാൻ ധാരണ
text_fieldsസൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് ഫ്രാൻസിലെ എയർബസ് ഹെലികോപ്ടേഴ്സ് ആസ്ഥാനത്ത് കമ്പനി പ്രതിനിധികൾക്കൊപ്പം
റിയാദ്: ഹെലികോപ്ടർ നിർമാണത്തിന്റെയും അറ്റകുറ്റപ്പണിയുടെയും മേഖലയിലെ സംയുക്ത നിക്ഷേപ അവസരങ്ങളെക്കുറിച്ച് സൗദി അറേബ്യയും ഫ്രാൻസും ചർച്ച നടത്തി.ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് ആണ് എയർബസ് ഹെലികോപ്റ്റേഴ്സ് സി.ഇ.ഒ ബ്രൂണോ ഈവനുമായി ചർച്ച നടത്തിയത്. ഹെലികോപ്ടർ നിർമാണ, അറ്റകുറ്റപ്പണി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത നിക്ഷേപ അവസരങ്ങളെക്കുറിച്ചും വ്യോമയാന വ്യവസായത്തിൽ ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനും സൗദിയുടെ കഴിവുകളും പ്രോത്സാഹനങ്ങളും അവർ ചർച്ച ചെയ്തു.
കമ്പനിയുടെ നൂതന സാങ്കേതികവിദ്യകൾ, ഏറ്റവും ആധുനിക ഹെലികോപ്ടർ മോഡലുകൾ, നിർമാണം, അസംബ്ലി, അറ്റകുറ്റപ്പണികൾ എന്നിവയിലെ ആഗോള വ്യാപനത്തിനായുള്ള പദ്ധതികൾ എന്നിവയെക്കുറിച്ച് എയർബസ് സി.ഇ.ഒ മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. സാമ്പത്തിക വൈവിധ്യവത്കരണം കൈവരിക്കുന്നതിനുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിലും ആഗോള വ്യവസായിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും കേന്ദ്രീകരിച്ചുള്ളതായിരുന്നു ചർച്ച.
സൗദിയുടെ തന്ത്രപരമായ ആസ്തികളും വ്യവസായിക നിക്ഷേപങ്ങളോടുള്ള അതിന്റെ ആകർഷണം വർധിപ്പിക്കുന്ന മത്സര നേട്ടങ്ങളും അവർ അവലോകനം ചെയ്തു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം, സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, മത്സരാധിഷ്ഠിത ഊർജ വിലകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വികസിത വ്യാവസായിക നഗരങ്ങൾ, സർക്കാർ നടപടിക്രമങ്ങളുടെ ലാളിത്യം എന്നിവയും ചർച്ച വിഷയങ്ങളായി.
വ്യോമയാന വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി വിമാനങ്ങളുടെയും ഡ്രോണുകളുടെയും നിർമാണം, അറ്റകുറ്റപ്പണി തുടങ്ങിയവ എന്നിവ ഉൾപ്പെടുന്ന വ്യോമയാന വ്യവസായത്തിലെ പ്രധാന മേഖലകളിൽ 10 ശതകോടി റിയാലിലധികം മൂല്യമുള്ള നിക്ഷേപ അവസരങ്ങൾ സൗദി കണ്ടെത്തിയിട്ടുണ്ടെന്നും മരന്തി അൽ ഖുറൈഫ് സൂചിപ്പിച്ചു.സന്ദർശനത്തിനിടെ ഫ്രഞ്ച് നഗരമായ മാരിഗ്നേനിലെ എയർബസ് ഹെലികോപ്റ്റേഴ്സ് ആസ്ഥാനത്ത് നടന്ന ‘വ്യവസായിക ദിന’പരിപാടി അൽ ഖുറൈഫ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

