ഊർജ, വ്യവസായ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദിയും ഫ്രാൻസും
text_fieldsപാരീസ്/റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ, വ്യവസായ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനായി നിർണായക കരാറുകളും ധാരണാപത്രങ്ങളും ധനകാര്യ കരാറുകളും ഒപ്പുവെച്ചു.
ഫ്രഞ്ച്-സൗദി നിക്ഷേപ റൗണ്ട് ടേബിളിൽ നടന്ന ഈ ഒപ്പുവെക്കൽ ചടങ്ങുകൾ സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളിലെയും കമ്പനികളും സ്ഥാപനങ്ങളും തമ്മിലുള്ള പുതിയ ബിസിനസ് സാധ്യതകൾക്ക് വഴിയൊരുക്കാനും ലക്ഷ്യമിടുന്നു.
എണ്ണ, വാതക കിണറുകളുടെ ഡ്രില്ലിങ് സാമഗ്രികളും സ്റ്റീൽ പൈപ്പുകളും ലഭ്യമാക്കുന്നതിനായി സൗദി അരാംകോ, ഫ്രഞ്ച് കമ്പനികളായ എസ്.എൽ.ബി, വല്ലൂറെക് എന്നിവയുമായി തന്ത്രപ്രധാനമായ പർച്ചേസ് കരാറുകളിൽ ഒപ്പുവെച്ചു. ഏകദേശം 3700 കോടി ഡോളർ മൂല്യം വരുന്നതാണ് ഈ കരാറുകൾ.
വിവിധ സൗദി, ഫ്രഞ്ച് കമ്പനികളും സ്ഥാപനങ്ങളും കരാറുകൾ ഒപ്പിട്ട ചടങ്ങുകൾ
കൂടാതെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വെർച്വൽ ട്വിൻ ടെക്നോളജികൾ എന്നിവയിൽ സഹകരിക്കുന്നതിനായി അരാംകോ ഡിജിറ്റൽ, ഫ്രഞ്ച് സ്ഥാപനമായ ദസ്സോ സിസ്റ്റംസുമായി മറ്റൊരു ധാരണാപത്രത്തിലും ഒപ്പുവെച്ചു. എണ്ണ-വാതക മേഖലയിലെ വ്യാവസായിക ഉപയോഗത്തിന് സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നതും ഇതിെൻറ ഭാഗമായി പരിശോധിച്ച് വരുന്നു.
വൈദ്യുതി മേഖലയിൽ, സൗദി അറേബ്യയുടെ പവർ ഗ്രിഡ് കൂടുതൽ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി സൗദി എനർജി, ഫ്രഞ്ച് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ബാങ്കായ ബിപി ഫ്രാൻസുമായി സഹകരണ-വായ്പാ കരാറിൽ ഒപ്പുവെച്ചു. 2025 നവംബറിൽ ഒപ്പുവെച്ച 300 കോടി ഡോളർ വരെയുള്ള വായ്പാ സൗകര്യത്തിനായുള്ള ധാരണാപത്രത്തിെൻറ തുടർച്ചയായാണ് ഈ പുതിയ നടപടി.
രാജ്യത്തെ വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കും സംഭരണ പരിപാടികൾക്കും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാൻ ഈ കരാർ വഴി സാധിക്കും. വിമാനശേഖരം വിപുലീകരിക്കുന്നതിെൻറ ഭാഗമായി എയർബസിെൻറ പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സൗദിയ ഗ്രൂപ്പ്, ഫ്രഞ്ച് ബാങ്കായ ക്രെഡിറ്റ് അഗ്രികോൾ സി.ഐ.ബി, സൗദി എക്സിം ബാങ്ക് എന്നിവരുമായി ചേർന്ന് ഒരു ത്രികക്ഷി ധാരണാപത്രം രൂപവത്കരിച്ചു.
സൗദിയുടെ ഔദ്യോഗിക എക്സ്പോർട്ട് ക്രെഡിറ്റ് ഏജൻസി എന്ന നിലയിൽ ഈ ഇടപാടുമായി ബന്ധപ്പെട്ട ക്രെഡിറ്റ് റിസ്ക് ഇൻഷുറൻസ് പരിരക്ഷ സൗദി എക്സിം ബാങ്ക് നൽകും.
അന്താരാഷ്ട്ര ബാങ്കിങ് ധനസഹായത്തെ ദേശീയ കയറ്റുമതി വായ്പാ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ഈ കരാർ വഴി, സൗദി കയറ്റുമതികളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് അന്താരാഷ്ട്ര ധനസഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. അതോടൊപ്പം, സൗദിയ ഗ്രൂപ്പിന്റെ വിമാനശേഖരം ആധുനികവൽക്കരിക്കാനും അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് ഇത് വലിയ പിന്തുണയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

