സൗദി സ്ഥാപനദിനാഘോഷം: റിയാദിൽ 3,500 കലാകാരന്മാരുടെ സാംസ്കാരിക ഘോഷയാത്ര
text_fields‘ദ ബിഗിനിങ് മാർച്ച്’ എന്ന കലാസാംസ്കാരിക ഘോഷയാത്രക്ക് വേദിയാകുന്ന റിയാദിലെ വാദി നമർ
ജിദ്ദ: ഫെബ്രുവരി 22-ലെ സൗദി സ്ഥാപന ദിനം പ്രമാണിച്ച് റിയാദ് നഗരം 'ദ ബിഗിനിങ് മാർച്ച്' എന്ന കലാസാംസ്കാരിക ഘോഷയാത്രക്ക് സാക്ഷ്യം വഹിക്കും. 3,500 കലാകാരന്മാർ പരിപാടിയിൽ അണിനിരക്കും. മൂന്ന് നൂറ്റാണ്ടുകളിലെ സൗദി ഭരണകൂടത്തിന്‍റെ ചരിത്രത്തെ അനുകരിക്കുന്ന പനോരമിക് പെയിൻറിങുകൾ പ്രദർശിപ്പിക്കും.
കലാപരിപാടിക്കിടയിൽ കാവ്യാവിഷ്കരണ അവതരണവുമുണ്ടാകും. അത് സൗദി ഭരണകൂടത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും മൂന്ന് നൂറ്റാണ്ടിലേറെയായുള്ള മുന്നോട്ടുള്ള പ്രയാണത്തെ എടുത്തുകാണിക്കുന്നതായിരിക്കും. സൗദി ഭരണകൂടത്തിന്‍റെ കാലത്തെ മനുഷ്യ സാന്നിധ്യം വിവരിക്കുന്ന പെയിൻറിങുകൾ, മുതിർന്ന സൗദി കലാകാരന്മാരുടെ ഗാനമേള തുടങ്ങിയവയും അരങ്ങേറും.
റിയാദിന്‍റെ തെക്ക് ഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വാദി നമറിലായിരിക്കും രണ്ട് കിലോമീറ്ററിലധികം ദൈർഘ്യമുള്ള മാർച്ച് നടക്കുക. പൊതുജനങ്ങൾക്കുള്ള പ്രവേശനാനുമതി വൈകീട്ട് ആറ് മുതൽ രാത്രി 9.30 വരെയാണ്. പ്രദർശന പരിപാടികൾ രാത്രി 10 മുതൽ 11.30 വരെയായിരിക്കും. പ്രവേശനം ടിക്കറ്റുള്ളവർക്ക് മാത്രമാണ്.