സൗദി സ്ഥാപകദിനാഘോഷം; യാംബു ടൗൺ ഹെറിറ്റേജ് നഗരിയിൽ പ്രൗഢപരിപാടികൾ
text_fieldsയാംബു: സൗദി സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി യാംബു ടൗണിലുള്ള ഹെറിറ്റേജ് പാർക്കിലും പ്രൗഢമായ പരിപാടികൾ അരങ്ങേറി. പഴമയുടെ താളവും മേളവും അരങ്ങുതകർത്ത സംഗീത പരിപാടികൾ കാണാൻ കുടുംബങ്ങളുൾപ്പടെയുള്ളവരെത്തി. രാജ്യ പൈതൃകങ്ങളുടെ ഫോട്ടോകളും മോഡലുകളും ഒരുക്കിയ പ്രദർശനങ്ങൾ കാണാനും ജനങ്ങൾ തിരക്കുകൂട്ടി. സൗദിയുടെ നാൾവഴികൾ വളരെ മനോഹരമായി പകർത്തുകയും അതിനെക്കുറിച്ചുള്ള വിവരങ്ങൾ പകരുകയും ചെയ്യുന്ന സൗദി യുവതികളുടെ പവിലിയനുകളും യാംബു ടൗൺ സനൂസി മസ്ജിദിന്റെ പരിസരത്ത് വിശാലമായ പ്രദേശത്ത് ഒരുക്കിയിരുന്നു.
സൗദിയുടെ പഴമയുടെ പെരുമ വിളിച്ചോതുന്ന വിവിധ സ്റ്റാളുകൾ സന്ദർശകർക്ക് നവ്യാനുഭവം പകർന്നു. സൗദി പാരമ്പര്യ വസ്ത്രധാരണ രീതി സ്വീകരിച്ചും പരമ്പരാഗത വസ്തുക്കൾ കൈയ്യിലേന്തിയും സൗദി പതാകയും സ്ഥാപകദിനാഘോഷ പതാകയുമേന്തിയും മുതിർന്നവരുടെയും കുട്ടികളുടെയും ആഘോഷപരിപാടികൾ ഏറെ ആകർഷണീയമായിരുന്നു.
സൗദിയുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും പരസ്പരം പങ്കുവെച്ചും പ്രകടിപ്പിച്ചും യുവാക്കളുടെ കൂട്ടായ്മകളിൽ തീർത്ത കൊച്ചുപരിപാടികൾ സന്ദർശകരെ ആകർഷിച്ചു.ചെങ്കടലിന്റെ ഓരം ചേർന്നുനിൽക്കുന്ന യാംബു ഹെറിറ്റേജ് നഗരിയിലെ ശേഷിപ്പുകളെല്ലാം പഴമയുടെ പെരുമ നിലനിർത്തി സൗദി കമീഷൻ ഫോര്‍ ടൂറിസം ആൻഡ് ഹെറിറ്റേജ് അതോറിറ്റി സംരക്ഷിച്ചുവരികയാണ്. അറേബ്യൻ സംസ്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രങ്ങളിലേക്ക് വെളിച്ചംവീശുന്ന അപൂർവ കാഴ്ചാനുഭവമാണ് ഈ പുരാതനനഗരം സന്ദർശകർക്ക് പകർന്നു നൽകുന്നത്.
500 വർഷത്തോളം പഴക്കമുള്ള ജനവാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും പഴമയുടെ രാത്രിച്ചന്തകളെ അനുസ്മരിപ്പിക്കുന്ന ‘സൂഖു ലൈൽ’ പവലിയനുകളും ഇവിടെ സന്ദർശകർക്ക് കൗതുകം പകരുന്നതാണ്. ആഗോള ശ്രദ്ധ നേടിയ യാംബു പുഷ്പമേളയുടെ നഗരിയിലും അഭൂതപൂർവമായ തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്.നഗരിയിൽ സൗദി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും ആകാശത്ത് വർണാഭമായ ദൃശ്യവിരുന്നൊരുക്കി കരിമരുന്ന് പ്രയോഗവും സന്ദർശകർക്ക് മനം നിറക്കുന്ന കാഴ്ചകളായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

