കെന്‍സ് ഇന്റർനാഷനൽ സ്കൂളിൽ സൗദി സ്ഥാപക ദിനാഘോഷം
text_fieldsയാംബു കെന്‍സ് ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച സൗദി സ്ഥാപകദിനാഘോഷ
പരിപാടികളിൽനിന്ന്
യാംബു: കെന്‍സ് ഇന്റർനാഷനൽ സ്കൂളിൽ വർണാഭമായ പരിപാടികളോടെ സൗദി സ്ഥാപകദിനം ആഘോഷിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഈ വർഷവും സൗദി സ്ഥാപകദിനം വളരെ ആകർഷകമാക്കി. സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിവിധ ആഘോഷപരിപാടികൾ ലീഗൽ പ്രിൻസിപ്പൽ മനാൽ അൽ ജുഹാനിയുടെ നേതൃത്വത്തിൽ സ്കൂളിൽ അരങ്ങേറി.
രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവുമായി ബന്ധപ്പെട്ട പ്രദർശനവും ഒരുക്കിയിരുന്നു. സൗദി ജനതയുടെ പഴയ കാലജീവിതവും സ്ഥാപക ദിനത്തിന്റെ പ്രത്യേകതയും വർത്തമാന കാലവും വിശകലനം ചെയ്യുന്ന പ്രദർശനം ഏറെ ശ്രദ്ധേയമായി. സൗദി ജനതയുടെ സാംസ്കാരിക വസ്ത്രധാരണം പരിചയപ്പെടുത്തുന്ന കോർണർ, തനതായ ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യുന്ന 'മിനി മാർക്കറ്റ്' എന്നിവയും സംവിധാനിച്ചിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് കുട്ടികളുമായി സംവദിച്ചു. സൗദി അറേബ്യയുടെ പുരോഗതിയും സമ്പന്നമായ പൈതൃകവും വിശദീകരിച്ച അവർ സൗദി സ്ഥാപകദിനം ആഘോഷിക്കുക വഴി കുട്ടികളിൽ ദേശീയബോധവും അഭിമാനവും സൗഹൃദബോധവും വളർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുമെന്ന് അവർ പറഞ്ഞു.
പരമ്പരാഗത സൗദി വസ്ത്രധാരണ മത്സരവും വിദ്യാർഥികൾക്കായി ഒരുക്കിയിരുന്നു. സ്കൂൾ ബോയ്സ് സെക്ഷനിൽ അറബി കാലിഗ്രഫി, പ്രസംഗം, പ്രദർശനം, ഫ്ലാഗ് മേക്കിങ് എന്നിവയിൽ മത്സരങ്ങളും പരമ്പരാഗത ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു. സ്കൂൾ അങ്കണത്തിൽ നടത്തിയ വൈവിധ്യങ്ങൾ നിറഞ്ഞ പരിപാടികൾ സൗദി അറേബ്യയുടെ ചരിത്രത്തെക്കുറിച്ച് പുതിയ തലമുറക്ക് അവബോധം നൽകാൻ വഴിവെച്ചു. സൗദിയുടെ ചരിത്രവും വർത്തമാനവും പകർത്താൻ വഴിവെച്ച പരിപാടി വിദ്യാർഥികൾക്ക് നവ്യാനുഭൂതിയാണ് പകർന്ന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

