ഇറാനുമായുള്ള സഹകരണം പുതിയ അധ്യായം തുറക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി
text_fieldsറിയാദ്: നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ച നിലക്ക് ഇറാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറക്കാനും സഹകരണം ശക്തിപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അസ്സഊദ്. അത് സുരക്ഷയും സ്ഥിരതയും ഏകീകരിക്കുകയും വികസനവും സമൃദ്ധിയും കൈവരിക്കാൻ ഇരു രാജ്യങ്ങളെയും മേഖലയെ ആകമാനം സഹായിക്കുകയും ചെയ്യും. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിലൂടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ തർക്കങ്ങൾക്കും പരിഹാരമായി എന്നർഥമില്ലെന്നും ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. ‘അശ്ശർഖുൽ ഔസത്ത്’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
2016-ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാെൻറയും സമീപകാല തീരുമാനത്തെ തുടർന്ന് റിയാദിലും തെഹ്‌റാനിലും പരസ്പരം എംബസികൾ രണ്ട് മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന സുദീർഘമായ ചർച്ചയുടെ ഒടുവിലെത്തിച്ചർന്ന സമവായത്തിന് ശേഷമുള്ള ശേഷമുള്ള തെൻറ ആദ്യ അഭിമുഖത്തിൽ, ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി വൈകാതെ കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്ന കാര്യം അമീർ ഫൈസൽ പറഞ്ഞു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ കൂടിക്കാഴ്ചക്ക് സ്വാഭാവികമായി അവസരമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള അടുപ്പത്തിെൻറ കാതൽ നയതന്ത്ര ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിസ്തൃതിയിലും സ്വാധീനത്തിലും മുന്നിലുള്ള സൗദി അറേബ്യയുടെയും ഇറാെൻറയും കാര്യത്തിൽ അതിന് ഇരട്ടി പ്രാധാന്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
മതപരവും ചരിത്രപരവും സാംസ്കാരികവുമായ നിരവധി ബന്ധങ്ങൾ പങ്കിടുന്ന ഇരു രാഷ്ട്രങ്ങളും കഴിഞ്ഞ രണ്ടുവർഷമായി ഇറാഖിലും ഒമാനിലും നടന്ന നിരവധി ചർച്ചകൾക്ക് ശേഷമാണ് ചൈനയുടെ മധ്യസ്‌ഥതയിൽ കരാറിൽ എത്തിച്ചേർന്നതെന്ന് മന്ത്രി വെളിപ്പെടുത്തി. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലക്ക് സൗദി അവധാനതയുടെ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് അമീർ ഫൈസൽ പറഞ്ഞു
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള ഇറാെൻറ പ്രതിബദ്ധതയെ പരാമർശിച്ച്, ഇറാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറക്കുന്നതിനുള്ള ഏറ്റവും നല്ല അവസരമായിട്ടാണ് കരാറിനെ തങ്ങൾ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കരാർ വ്യവസ്ഥകൾ പാലിക്കാൻ നാമും പ്രതിജ്ഞാബദ്ധരാണ്. രാജ്യങ്ങൾക്കും മേഖലയ്ക്കുമിടയിൽ സഹകരണവും ഏകോപനവും സാധ്യമാക്കാനും ആധിപത്യത്തിനു പകരം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള താൽപര്യം ഇരു രാഷ്ട്രങ്ങൾക്കുമുണ്ടെന്നതിൽ സംശയമില്ല. അത്തരമൊരു സമീപനം സുരക്ഷിതവും സമൃദ്ധവുമായ ഒരു നല്ല ഭാവിക്കും തലമുറകളുടെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്കാരത്തിനും ഇടയാക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഞങ്ങളുടെ പ്രതീക്ഷകളും ലക്ഷ്യങ്ങളും ഇറാൻ ജനതയും പങ്കിടുമെന്നും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ അവരും സന്നദ്ധരാകുമെന്നും തന്നെയാണ് പ്രതീക്ഷിക്കുന്നത്. അയൽരാജ്യമെന്ന നിലയിൽ ഇറാെൻറ സ്ഥിരതയും വികസനവും മേഖലയുടെ താൽപര്യത്തിനും വികസനത്തിനും ഗുണം ചെയ്യുമെന്നും സൗദി അറേബ്യ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇറാെൻറ ആണവശേഷിയുടെ തുടർച്ചയായ പരിപോഷണം ആശങ്കാജനകമാണ്. ഗൾഫ് മേഖലയും മധ്യപൗരസ്ത്യ ദേശവും കൂട്ട നശീകരണ ആയുധങ്ങളിൽ നിന്ന് മുക്തമാകണമെനുള്ള നിലപാട് ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആണവ വാഗ്ദാനങ്ങളിൽ പ്രതിജ്ഞാബദ്ധരാകാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ശക്തമാക്കാനും ഞങ്ങൾ ഇറാനോട് ആവശ്യപ്പെടുന്നു. അത് ഉറപ്പാക്കാൻ ഞങ്ങൾ സഖ്യകക്ഷികളുമായും സുഹൃത്തുക്കളുമായും ചേർന്ന് നടത്തുന്ന പ്രവർത്തനം തുടരും -അർഥശങ്കക്കിടയില്ലാത്ത വിധം മന്ത്രി നിലപാട് വ്യക്തമാക്കി.
ചൈനയുടെ മധ്യസ്‌ഥത മേഖലയിലെ സഹവർത്തിത്വവും സുരക്ഷയും രാജ്യങ്ങൾ തമ്മിലുള്ള നല്ല അയൽപക്കവും ശക്തിപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയാൽ അടയാളപ്പെടുത്തുന്ന ഒരു പ്രാദേശിക അന്തരീക്ഷം ഒരുക്കുന്നതിൽ മൂന്ന് രാജ്യങ്ങൾക്കും സംയുക്ത താൽപര്യമുണ്ട്. അതുവഴി ജനങ്ങൾക്ക് സാമ്പത്തിക വികസനവും അഭിവൃദ്ധിയും ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യകരമായ പ്രാദേശിക, അന്തർദേശീയ പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് സുസാധ്യവുമാകും -അമീർ ഫൈസൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

