സൗദി: വാഹനപരിശോധനക്ക് (ഫഹ്സ്) മുൻകൂട്ടി ബുക്ക് ചെയ്യണം
text_fieldsRepresentational Image
ജിദ്ദ: വാഹനങ്ങളുടെ പീരിയോഡിക്കൽ സാങ്കേതിക പരിശോധനക്ക് (ഫഹ്സ്) മുൻകൂട്ടി സമയം ബുക്ക് ചെയ്യണമെന്ന് ട്രാഫിക് വകുപ്പിന്റെ വാഹന പീരിയോഡിക്കൽ പരിശോധന വിഭാഗം വ്യക്തമാക്കി. എക്സ് അക്കൗണ്ട് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. http://vi.vsafety.sa/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.
പരിശോധനക്ക് പോകുംമുമ്പ് എല്ലാതരം വാഹനങ്ങൾക്കും അപ്പോയിൻമെന്റ് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാണ്. ആദ്യം വാഹനങ്ങളുടെയും ഉടമയുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. പിന്നീട് എന്തു തരം ടെസ്റ്റ്, ടെസ്റ്റ് നടക്കുന്ന സ്ഥലം, കേന്ദ്രം, തീയതി, സമയം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ കോഡ് രേഖപ്പെടുത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം.