ആഗോള ഔഷധ മേൽനോട്ട സഖ്യത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് പൂർണ്ണ അംഗത്വം
text_fieldsസൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) ആസ്ഥാനം
റിയാദ്: സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ), ആഗോള ഔഷധ മേൽനോട്ട സഖ്യത്തിൽ (ഇൻ്റർനാഷനൽ മെഡിസിൻസ് റെഗുലേറ്ററി അതോറിറ്റീസ് അലയൻസ്) പൂർണ്ണ അംഗത്വം നേടിയതായി സഖ്യം പ്രഖ്യാപിച്ചു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ മേഖലയിലെ ആദ്യ റെഗുലേറ്ററി സ്ഥാപനമായി എസ്.എഫ്.ഡി.എ മാറി. ഈ അംഗത്വം വഴി രാജ്യത്തിൻ്റെ ഔഷധ നിയന്ത്രണ മേഖലയിലെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്താൻ സാധിക്കും.
ഒക്‌ടോബർ 21 മുതൽ 23 വരെ ആംസ്റ്റർഡാമിൽ നടന്ന സഖ്യത്തിൻ്റെ വാർഷിക ഉച്ചകോടിയിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. എസ്.എഫ്.ഡി.എ സി.ഇ.ഒ ഡോ. ഹിഷാം അൽജാദൈ ഉച്ചകോടിയിൽ പങ്കെടുത്തു. ഈ പൂർണ്ണ അംഗത്വം എസ്.എഫ്.ഡി.എക്ക് സഖ്യത്തിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളും തീരുമാനങ്ങളും രൂപീകരിക്കുന്നതിലും, വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിലും സജീവമായി പങ്കെടുക്കാൻ അവസരം നൽകും. ഔഷധ സുരക്ഷ ഉറപ്പാക്കുന്നതിൽ എസ്.എഫ്.ഡി.എ വഹിക്കുന്ന പങ്ക് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നതിൻ്റെ സൂചന കൂടിയാണ് ഈ നേട്ടം. ആഗോളതലത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരുടെ ഇടയിൽ സൗദിയുടെ സ്വാധീനം ഇത് വർധിപ്പിക്കും.
മനുഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകാനുള്ള സൗദി നേതൃത്വത്തിൻ്റെ പ്രതിബദ്ധത ഈ അംഗത്വം അടിവരയിടുന്നു. ഔഷധ നിയന്ത്രണ സംവിധാനം വികസിപ്പിക്കുന്നതിനും, ഭാവി മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നതിനും, അന്താരാഷ്ട്ര പരിപാടികളിലും സംരംഭങ്ങളിലും ഫലപ്രദമായി പങ്കെടുക്കുന്നതിനും എസ്.എഫ്.ഡി.എ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസൃതമായി സൗദി ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ സുരക്ഷയും റെഗുലേറ്ററി സംവിധാനത്തിൻ്റെ തുടർച്ചയായ വികസനവും ഉറപ്പാക്കാനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഈ നേട്ടം വിഷൻ 2030-ൻ്റെ ഭാഗമായ ആരോഗ്യമേഖലാ പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന് സഹായകമാകും. ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണത്തിനും നയരൂപീകരണത്തിനും പിന്തുണ നൽകുന്ന അന്താരാഷ്ട്ര സംരംഭങ്ങളിൽ സൗദിയുടെ പങ്കാളിത്തം ഇത് ഉറപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മരുന്ന് റെഗുലേറ്ററി, മേൽനോട്ട സ്ഥാപനങ്ങളുടെ തലവന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു കൂട്ടായ്മയാണിത്. മരുന്നുകളുടെയും വാക്സിനുകളുടെയും ഫലപ്രാപ്തി, സുരക്ഷ, ഗുണമേന്മ എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. റെഗുലേറ്ററി വിവരങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുക, ആഗോള ആരോഗ്യ പ്രതിസന്ധികളിൽ കൂട്ടായ ശ്രമങ്ങൾ ഏകീകരിക്കുക, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നൂതനാശയങ്ങളെ പിന്തുണയ്ക്കുക, പുതിയ ചികിത്സാ രീതികളുടെ അംഗീകാരം വേഗത്തിലാക്കുക എന്നിവയിലൂടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

