റിയാദിൽ നിന്ന് 152 യാത്രക്കാരുമായി കോഴിക്കോട് വിമാനം പുറപ്പെട്ടു
text_fieldsറിയാദ്: കോവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവൺമെൻറിെൻറ വന്ദേ ഭാരത് മിഷൻ രണ്ടാം ആഴ്ചയിലെ വിമാന സർവിസ് തുടങ്ങി. റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നാണ് ആദ്യ സർവിസുകൾ പുറപ്പെട്ടത്. 152 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം കോഴിക്കോേട്ടക്ക് റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽ നിന്ന് ഉച്ചക്ക് 12.52ന് പറന്നുയർന്നു.
145 മുതിർന്നവരും ഏഴ് കുട്ടികളുമാണ് ഇൗ വിമാനത്തിലുള്ളത്. രാത്രി 7.46ന് കരിപ്പൂരിലിറങ്ങും. യാത്രക്കാരിൽ പകുതിയിലധികവും ഗർഭിണികളാണ്. സ്ത്രീ യാത്രക്കാരിൽ നല്ലൊരു പങ്ക് സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരാണ്. ബുറൈദയിൽ നിന്ന് 17 നഴ്സുമാരുടെ സംഘമാണ് എത്തിയത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവർ ആരോഗ്യവകുപ്പിെൻറ വാഹനത്തിൽ റിയാദിൽ എത്തിച്ചേരുകയായിരുന്നു.
രാവിലെ ഒമ്പത് മണിക്ക് തന്നെ യാത്രക്കാരുടെ ലഗേജ് ചെക്ക് ഇൻ, ബോർഡിങ് നടപടികൾ ആരംഭിച്ചു. എയർ ഇന്ത്യ എയർപ്പോർട്ട് ഡ്യൂട്ടി മാനേജർ സിറാജ് നടപടികൾക്ക് നേതൃത്വം നൽകി. യാത്രക്കാരിൽ സന്ദർശക വിസയിലും സ്ഥിര വിസയിലുമുള്ള കുടുംബങ്ങളും ധാരാളമായി ഉൾപ്പെട്ടിട്ടുണ്ട്. രോഗികളും ജോലി നഷ്ടപ്പെട്ട് എക്സിറ്റ് വിസയിലുള്ളവരുമുണ്ട്. വിദൂര പ്രദേശങ്ങളിലേക്കുള്ളവരും കോഴിക്കോട് വിമാനത്തിൽ പോയിട്ടുണ്ട്.
റിയാദിൽ കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യാക്കാരനും മലയാളിയുമായ സഫ്വാെൻറ ഭാര്യ ഖമറുന്നിസയും യാത്രക്കാരിൽ ഉണ്ട്. മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്വാൻ ഏപ്രിൽ നാലിനാണ് റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ ഡ്രൈവറായിരുന്ന സഫ്വാെൻറ അടുത്തേക്ക് മാർച്ച് എട്ടിനാണ് ഖമറുന്നിസ വിസിറ്റ് വിസയിലെത്തിയത്. രണ്ടാഴ്ചക്ക് ശേഷം സഫ്വാന് അസുഖം പിടികൂടുകയായിരുന്നു. സഫ്വാെൻറ മരണശേഷം ഒറ്റപ്പെട്ട ഖമറുന്നിസയെ റിയാദ് കെ.എം.സി.സിയും ചെമ്മാട് പ്രവാസി കൂട്ടായ്മയുമാണ് സംരക്ഷിച്ചിരുന്നത്.
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത 60000ത്തോളം ആളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇൗയാഴ്ചയിലെ വിവിധ വിമാനങ്ങളിൽ പോകുന്നത്. കണ്ണൂരിലേക്കുള്ള വിമാനം ബുധനാഴ്ച ഉച്ചക്ക് 12.45ന് റിയാദിൽ നിന്ന് പുറപ്പെടും. അതിലും 150ഒാളം യാത്രക്കാരുണ്ടാവും. ടിക്കറ്റുകളെല്ലാം വിറ്റുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
